മലപ്പുറം: ജില്ലയിൽ രണ്ട് വർഷത്തിനിടെ മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ (എം.ഡി.എം.എ) കേസുകളിൽ പൊലീസ് മരവിപ്പിച്ചത് 15 ബാങ്ക് അക്കൗണ്ടുകൾ. ഈ അക്കൗണ്ടുകളിലായി കിടന്നിരുന്ന 6,55,828 രൂപയും മരവിപ്പിച്ചു. 2024ൽ തിരൂർ, തേഞ്ഞിപ്പലം, കൊണ്ടോട്ടി സ്റ്റേഷനുകളിലായി മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
തിരൂരിൽ 49,951 രൂപയും തേഞ്ഞിപ്പലത്ത് രണ്ട് കേസുകളിലായി 57,943 രൂപയും മരവിപ്പിച്ചു. 2025ൽ 12 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കൊണ്ടോട്ടി സ്റ്റേഷനിൽ മൂന്ന് കേസുകളിൽ 9,822, കരിപ്പൂരിൽ രണ്ട് കേസുകളിൽ 77,249, അരീക്കോട് രണ്ട് കേസുകളിൽ 1.21 ലക്ഷം, വണ്ടൂരിൽ 43,410, പാണ്ടിക്കാട് 4,081, തിരൂരിൽ 19,459, വളാഞ്ചേരി 7,946, കോട്ടക്കൽ 7,511 രൂപയും മരവിപ്പിച്ചു. മരവിപ്പിച്ച തുക നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാറിലേക്ക് അടവാക്കുകയാണ് പതിവ്.
രണ്ട് വർഷത്തിനിടെ എം.ഡി.എം.എ കേസിൽ ഉൾപ്പെട്ടവരിൽനിന്ന് അഞ്ച് സ്റ്റേഷനുകളിലായി സ്ഥാവര സ്വത്ത് (ഭൂമി, വീട്, കെട്ടിടം) കണ്ട് കെട്ടി. 2024ൽ തേഞ്ഞിപ്പലം, കൊളത്തൂർ സ്റ്റേഷനുകളിൽ രണ്ടും 2025ൽ അരീക്കോട്, പാണ്ടിക്കാട്, നിലമ്പൂർ എന്നീ സ്റ്റേഷനുകളിലായി മൂന്ന് കേസുകളിലുമാണ് സ്വത്തുകൾ കണ്ടുക്കെട്ടുന്ന നടപടിയുണ്ടായത്. തേഞ്ഞിപ്പലം സ്റ്റേഷനിലെ കേസിൽ 0.04 ഹെക്ടർ ഭൂമിയും കൊളത്തൂർ സ്റ്റേഷനിലെ കേസിൽ 1.28 ഏക്കർ ഭൂമിയും 800 സ്ക്വയർഫീറ്റ് വരുന്ന കെട്ടിടവും കണ്ടുകെട്ടി. 2025ൽ അരീക്കോട് സ്റ്റേഷൻ കേസിൽ 0.0304 ഹെക്ടർ ഭൂമിയും കെട്ടിടവും പാണ്ടിക്കാട് കേസിൽ 0.0202 ഹെക്ടർ ഭൂമിയും നിലമ്പൂരിൽ 141.77 സ്ക്വയർ മീറ്റർ വീടും കണ്ടുകെട്ടി
മൂന്ന് വർഷത്തിനിടെ എം.ഡി.എം.എ കേസിൽ 14 വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകളിലായി കണ്ടുകെട്ടിയത്. 2023ൽ ഒന്ന്, 2024ൽ അഞ്ച്, 2025ൽ എട്ട് വാഹനങ്ങളും പിടിച്ചു. 2023 കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലെ കേസിൽ ഓട്ടോയാണ് കണ്ടുകെട്ടിയത്. ആകെ 14 കേസുകളിൽ അഞ്ചെണ്ണം കാറുകൾ വഴിയും അഞ്ചെണ്ണം സ്കൂട്ടറുകൾ വഴിയുമാണ് ലഹരി കടത്താൻ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നാല് കേസുകളിൽ ബൈക്കുകളും ലഹരി കടത്താനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
2024ൽ പൂക്കോട്ടുപാടത്ത് ഒരുകേസിൽ കാറും ബൈക്കും പാണ്ടിക്കാട് ബൈക്കും പെരിന്തൽമണ്ണയിൽ മൂന്ന് വിവിധ കേസുകളിലായി രണ്ട് ബൈക്കുകളും കാറും പിടിച്ചു. 2025ൽ കൊണ്ടോട്ടിയിൽ രണ്ട് കേസുകളിലായി ലഹരി കടത്താനുപയോഗിച്ച മൂന്ന് കാറുകളും ഒരു സ്കൂട്ടറും പാണ്ടിക്കാട് രണ്ട് കേസുകളിലായി കാറും ഒരു ഇലക്ട്രിക് സ്കൂട്ടറും വണ്ടൂരിൽ സ്കൂട്ടറും ചരക്ക് ഓട്ടോയും കരിപ്പൂരിൽ സ്കൂട്ടറും തിരൂരിൽ സ്കൂട്ടറും കോട്ടക്കലിൽ കാറും പിടിച്ചിട്ടുണ്ട്.
അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവൻ അറബി അസീസ് എന്നറിയപ്പെടുന്ന പൂവത്തിക്കൽ അസീസ് ലഹരിവിൽപനയിലൂടെ സമ്പാദിച്ച സ്വത്തുവകകൾ കണ്ടുകെട്ടി. ഇയാളുടെ ബന്ധുക്കളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടി.
ഏപ്രിൽ 26ന് അരീക്കോട് തേക്കിൻച്ചുവടുനിന്ന് ഇയാളെയും കൈപ്പഞ്ചേരി റിയാസ് ബാബുവിനെയും 196.96 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസ് ഇൻസ്പെക്ടർ സിജിത്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസീസിന്റെ ഭാര്യയുടെ പേരിൽ അരീക്കോട് പുതുതായി നിർമിച്ച 75 ലക്ഷം വിലവരുന്ന വീടും പൂവത്തിക്കലിലെ 7.5 സെന്റ് സ്ഥലവും കണ്ടുകെട്ടി. ഭാര്യയുടെയും മകളുടെയും പേരിൽ ബാങ്കിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ നിക്ഷേപമുള്ള അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
എം.ഡി.എം.എ കേസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയുണ്ടാകും. കൂടാതെ പ്രതികളുടെ ചലിപ്പിക്കാന്‍ പറ്റുന്നതും അല്ലാത്തതുമായ സ്വത്തുവകകള്‍ അന്വേഷണവിധേയമായി മരവിപ്പിക്കും. പ്രതിയുടെ പിതാവ്, മാതാവ്, ജീവിതപങ്കാളി (ഭാര്യ/ഭര്‍ത്താവ്), സഹോദരങ്ങള്‍, ജീവിതപങ്കാളിയുടെ സഹോദരങ്ങള്‍, സഹായികള്‍, വ്യവഹാരങ്ങള്‍ കൈകാര്യ ചെയ്യുന്നയാള്‍ എന്നിവരുടെ ആറുവര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കിയ സ്വത്ത് വകകളെക്കുറിച്ചും അന്വേഷണമുണ്ടാകും. ആവശ്യമെങ്കില്‍ ഇതിന്മേല് നടപടിയെടുക്കാം. ചെന്നൈയിലെ അതോറിറ്റിക്ക് മുമ്പാകെ ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കും. 30 ദിവസത്തിനുള്ളില്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന് പറയാനുള്ളത് കേള്‍ക്കും.
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ പിടിച്ച സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ഉറവിടം വ്യക്തമായെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്. അന്വേഷണഘട്ടത്തിൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ നാലുപേരാണ് അറസ്റ്റിലായത്. മയക്കുമരുന്നുമായി എത്തിയ പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് നെല്ലിവയലില്‍ വീട്ടില്‍ സൂര്യ (21), ഇവരിൽനിന്ന് മയക്കുമരുന്ന് കൈപ്പറ്റാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി ചോന്നാരി അലി അക്ബര്‍ (32), ചട്ടിപ്പുറത്ത് സഫീര്‍ (30), പരുത്തിക്കോട് മതിലഞ്ചേരി സ്വദേശി മുഹമ്മദ് റാഫി (30) എന്നിവരാണ് അറസ്റ്റിലായത്.
ഇതിൽ അറസ്റ്റിലായ യുവതി അറിഞ്ഞ് തന്നെയാണ് ലഹരി വാഹകയായിട്ടുള്ളതെന്നും കേസിൽ കുടുക്കിയതിന് തെളിവില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് എസ്.പി പ്രതികരിച്ചു. യുവതിക്ക് എം.ഡി.എം.എ നൽകിയ കണ്ണൂർ സ്വദേശിയെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആർ. വിശ്വനാഥ് വിവരിച്ചു. മസ്കത്തിൽനിന്ന് ഞായറാഴ്ച രാവിലെ 9.15ന് എത്തിയ എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനത്തിലാണ് പിടിയിലായ യുവതി വന്നത്.
വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് മയക്കുമരുന്നുമായി യുവതി പുറത്തെത്തുകയായിരുന്നു. നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് ജാഗ്രത പാലിച്ചതോടെയാണ് ഇവർ വലയിലായത്. സൂര്യയുടെ ബാഗേജിലെ ചോക്ലേറ്റ് പാക്കറ്റിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
മലപ്പുറം: കരിപ്പൂര്‍ എയര്‍പോട്ടില്‍ പത്തനംതിട്ട സ്വദേശിനി സൂര്യയില്‍നിന്ന് എം.ഡി.എം.എ പിടികൂടിയതോടെ പുറത്തുവരുന്നത് ലഹരിക്കടത്തിലെ പുത്തന്‍രീതികള്‍. ഭക്ഷണപൊതികളിലും മിഠായി പാക്കറ്റുകളുമൊക്കെയാണ് പുതിയരീതിയിൽ ലഹരി കടത്തുന്നത്. പത്തനംതിട്ട സ്വദേശിനിയുടെ ലഗേജിനുള്ളില്‍ മിഠായി പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലാണ് 950 ഗ്രാമിന് മുകളില്‍ എം.ഡി.എം.എ ഉണ്ടായിരുന്നത്.
ഓരോ മിഠായി പാക്കറ്റും പൊളിച്ച് പരിശോധിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മെനക്കെടില്ല എന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധ പെട്ടെന്നുണ്ടാകില്ല എന്നതുമാണ് ഈ രീതിയില്‍ കടത്താന്‍ ലഹരിക്കടത്തുകാരെ പ്രേരിപ്പിക്കുന്നത്. ഭംഗിയായി സീല്‍ ചെയ്തതിനാല്‍ കാണുന്നവര്‍ക്ക് സംശയം തോന്നില്ല. ഭക്ഷ്യസാധനങ്ങളുടെ കവറുകളിലാക്കി എം.ഡി.എം.എ കടത്തുന്നത് സമീപകാലത്ത് വർധിച്ചതായി കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വനിതകളെ ലഹരി വാഹകരാക്കുന്ന പ്രവണതയും കൂടിവരുന്നുണ്ട്. എയര്‍പോട്ടുകളിലെ പരിശോധനയില്‍ സ്ത്രീകളെ അധികം സംശയിക്കില്ല എന്നത് മുതലെടുക്കാനാണിത്.
കേരളത്തിലെത്തിലെത്തുന്ന എം.ഡി.എം.എയില്‍ കൂടുതലും മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എം.ഡി.എം.എ ഉണ്ടാക്കാന്‍ വലിയരീതിയിലുള്ള നിര്‍മാണപ്രക്രിയ ആവശ്യമാണ്. ലഹരി കടത്ത് അധികം പിടിക്കപ്പെടാത്ത രാജ്യങ്ങളിലാണ് ഇവയുടെ ഉൽപാദനമെന്നും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.