representational image
മഞ്ചേരി: നഗരത്തിന്‍റെ ഹൃദയഭാഗത്ത് പ്രവൃത്തിച്ചിരുന്ന കുരിക്കൾ സ്മാരക പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പുതുക്കി പണിയാൻ വായ്പയെടുക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് സർക്കാർ അനുമതി. നഗരസഭ ആവശ്യപ്പെട്ടത് പ്രകാരം മഞ്ചേരി സർവിസ് സഹകരണ ബാങ്കിൽനിന്ന് ഒമ്പതുകോടി രൂപ വായ്പയെടുക്കാനാണ് സർക്കാർ ഉത്തരവായത്.
ഒമ്പതുശതമാനം പലിശനിരക്കിലാണ് വായ്പ ലഭിക്കുക. എട്ടുവർഷമാണ് തിരിച്ചടവ് കാലാവധി. തദ്ദേശ സ്ഥാപനങ്ങൾക്ക് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകൾ കർശനമായി പാലിക്കണം. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തരുതെന്ന നിർദേശവുമുണ്ട്. തിരിച്ചടവ് മുടങ്ങുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ പലിശയിനത്തിലെ നഷ്ടത്തിന് ആനുപാതികമായി നഗരസഭയുടെ ജനറൽ പർപ്പസ് ഫണ്ടിൽ കുറവുവരുത്തുമെന്നും ഇതുസംബന്ധിച്ച ഉത്തരവിലുണ്ട്.
നഗരസഭയുടെ വരുമാനം വർധിപ്പിക്കുന്നതിന് റവന്യൂ കലക്ഷൻ ഡ്രൈവ് നടത്തണമെന്നും സർക്കാർ നിർദേശിച്ചു. അപകടാവസ്ഥയിലായിരുന്ന പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയിട്ട് മൂന്നുമാസമായെങ്കിലും വായ്പയെടുക്കാൻ അനുമതി ലഭിക്കാത്തതിനാൽ പുതുക്കിപണിയാൻ നടപടികൾ ആരംഭിച്ചിരുന്നില്ല.
പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് വായ്പ എടുക്കലിനുള്ള സർക്കാർ അനുമതി അനിശ്ചിതത്വത്തിലായിരുന്നു. വായ്പ എടുക്കുന്നതിന് എൽ.ഡി.എഫ് കൗൺസിലർമാർ തുടക്കത്തിലേ തടസ്സവാദം ഉന്നയിച്ചിരുന്നു. കുറഞ്ഞ പലിശക്ക് വായ്പ നൽകാൻ മറ്റു ബാങ്കുകൾ തയാറായിട്ടും മുസ്‌ലിം ലീഗ് നിയന്ത്രണത്തിലുള്ള സർവിസ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നുവെന്നായിരുന്നു എൽ.ഡി.എഫ് ആരോപണം. എന്നാൽ, ഏറ്റവും കുറവ് പലിശ നിരക്ക് നൽകിയത് സഹകരണ ബാങ്കായിരുന്നുവെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു.
മഞ്ചേരി സർവിസ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കാൻ ഫെബ്രുവരി 24 ചേർന്ന നഗരസഭ കൗണ്‍സിൽ യോഗമാണ് തീരുമാനിച്ചത്. പ്രതിപക്ഷ വിയോജിപ്പ് മറികടന്ന് കൗൺസിലിൽ വോട്ടിനിട്ടാണ് തീരുമാനം പാസാക്കിയിരുന്നത്. അന്നത്തെ എതിർപ്പിന് പിന്നാലെ എൽ.ഡി.എഫ് കൗൺസിലർമാർ വകുപ്പ് മന്ത്രിക്കും നഗരകാര്യ ഡയറക്ടർക്കും പരാതി നൽകുകയും ചെയ്തിരുന്നു.
പഴയ ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്ന ഭാഗത്ത് അഞ്ച് നിലകെട്ടിട സമുച്ചയമാണ് ഒരുക്കുക. ബസ് ബേയും ഷോപ്പിങ് കോംപ്ലക്സും പാർക്കിങ് ഏരിയയും നിർമിക്കാനാണ് തീരുമാനം.വായ്പ അനുമതി ലഭിച്ചതോടെ തുടർനടപടികൾ വേഗത്തിലാക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.