മലപ്പുറം: ജില്ല പഞ്ചായത്ത് നിലവിൽ വന്ന കാലം മുതൽ യു.ഡി.എഫ് മുന്നണിക്കാണ് ഈസി വാക്കോവർ. ഈ മുൻതൂക്കം നിലനിർത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള അഭിമാനപോരാട്ടത്തിലാണ് മുസ്‍ലിംലീഗും കോൺഗ്രസും. കടുത്ത പോരാട്ടത്തിലൂടെ കഴിഞ്ഞതവണ ലഭിച്ച അഞ്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കലാണ് എൽ.ഡി.എഫ് ലക്ഷ്യം. 33 ഡിവിഷനുകളിലേക്കായി മൊത്തം 126 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. തേഞ്ഞിപ്പലം ഡിവിഷനിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ -എട്ടുപേർ.
ചങ്ങരംകുളത്ത് ഏഴ് പേരും പൊന്മുണ്ടത്ത് ആറു പേരും തൃക്കലങ്ങോട്, വേങ്ങര, നന്നമ്പ്ര ഡിവിഷനുകളില്‍ അഞ്ചും സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ 32 ഡിവിഷനുകളിൽ 27ഉം കൈക്കലാക്കിയാണ് യു.ഡി.എഫ് ജില്ല പഞ്ചായത്ത് തൂത്തുവാരിയത്
. ഇപ്പോൾ തവനൂർ ആയി പേരുമാറിയ എടപ്പാളിലും മാറഞ്ചേരി, ചങ്ങരംകുളം, വഴിക്കടവ്, മംഗലം ഡിവിഷനുകളിലുമാണ് എൽ.ഡി.എഫ് വിജയിച്ചത്. ഇതിൽ തവനൂരിലും മാറഞ്ചേരിയിലും നില ഭദ്രമാണെന്നാണ് എൽ.ഡി.എഫ് പക്ഷം കരുതുന്നത്. ചങ്ങരംകുളത്തും വഴിക്കടവിലും മംഗലത്തും മത്സരം കടുക്കാനിടയുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
മംഗലത്ത് മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥിയായ കോൺഗ്രസിലെ ആരതി പ്രദീപ് പ്രചാരണരംഗത്ത് ഏറെ മുന്നോട്ടുപോയതായാണ് യു.ഡി.എഫ് വിലയിരുത്തൽ. അതേസമയം സിറ്റിങ് ഡിവിഷനായ തിരുനാവായയിൽ എൽ.ഡി.എഫിലെ എം.ജെ. തേജനന്ദ വെല്ലുവിളിയുയർത്താൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. വഴിക്കടവിൽ തൃണമൂൽ കോൺഗ്രസ് വോട്ടുകളാകും കോൺഗ്രസിന്റെ വിധി നിർണയിക്കുക. കരുളായിയിൽ മാത്രമാണ് യു.ഡി.എഫും തൃണമൂലുമായി പ്രാദേശിക ധാരണയിലെത്തിയിട്ടുള്ളത്.
നിലമ്പൂർ നഗരസഭയടക്കം സ്ഥലങ്ങളിൽ ധാരണ സംബന്ധിച്ച് നടന്ന ചർച്ച അലസിപിരിഞ്ഞു. തൃക്കലങ്ങോട് പഞ്ചായത്തിലും ഇരു മുന്നണികളും കടുത്ത പോരാട്ടത്തിലാണ്. യു.ഡി.എഫിലെ ഉൾപോരിനെ തുടർന്ന് 2010ൽ ഇവിടെ നിന്ന് സി.പി.എമ്മിലെ വി.എം. ഷൗക്കത്തും 2015ൽ സി.പി.എമ്മിലെ വിമലയും ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്.
2020ൽ മുസ്‍ലിംലീഗിലെ എ.പി. ഉണ്ണികൃഷ്ണൻ മണ്ഡലം തിരിച്ചുപിടിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ ലീഗിലെ എൻ.എം. രാജൻ ഡിവിഷൻ നിലനിർത്തി. ലീഗിലെ പി.എച്ച്. ഷമീമും സി.പി.എമ്മിലെ ജസീർ കുരിക്കളുമാണ് ഇക്കുറി മാറ്റുരക്കുന്നത്. നിലവിലെ, യു.ഡി.എഫ് സിറ്റിങ് ഡിവിഷനാണെങ്കിലും താനാളൂരിലും (പഴയ പേര് നിറമരുതൂർ) കടുത്ത മത്സരത്തിന്റെ സൂചനകളാണുള്ളത്.
മണ്ഡല പുനർനിർണയത്തിൽ, താനാളൂരിൽ നിന്ന് യു.ഡി.എഫിന് മുൻകൈയുള്ള ചെറിയമുണ്ടം പഞ്ചായത്ത് പൊന്മുണ്ടം ഡിവിഷനിലേക്ക് കൂട്ടിചേർത്തു. ഇരു മുന്നണികളും ബലാബലമുള്ള നിറമരുതൂർ പഞ്ചായത്തും എൽ.ഡി.എഫിന് മേൽകൈയുള്ള താനാളൂർ പഞ്ചായത്ത്, ഒഴൂർ പഞ്ചായത്തിലെ ഒരു േബ്ലാക്ക് ഡിവിഷൻ എന്നിവയും നിലവിൽ താനാളൂർ ഡിവിഷനിലാണ്. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ മകൾ അഡ്വ. എ.പി സ്മിജിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി.
എതിരാളി സി.പി.എമ്മിലെ കെ.പി. രാധ. മത്സരം കടുക്കുമെങ്കിലും സ്മിജിയുടെ ചെറുപ്പം തുണയാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അങ്ങാടിപ്പുറത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിലും മുൻ ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള സി. സുകുമാരന്റെ വ്യക്തി പ്രഭാവം വിജയം ഉറപ്പിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.