അ​ശ്മി​ൽ ഷാ ​ഹു​ദ​വി

ഐ.എഫ്.എസ് മോഹം പൂവണിഞ്ഞ സന്തോഷത്തിൽ അശ്മിൽ ഷാ

തിരൂരങ്ങാടി: യു.പി.എസ്‌.സി സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ചെമ്മാട് ദാറുൽഹുദ പൂർവ വിദ്യാർഥി മൂന്നിയൂരിലെ അശ്മിൽ ഷാ ഹുദവി. തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് അശ്മിൽ 382ാം റാങ്കോടെ സിവിൽ സർവിസ് പരീക്ഷ വിജയിച്ചത്. റാങ്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര ഉയർന്ന റാങ്ക് കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് അശ്മിൽ ഷാ ‘മാധ്യമ’ത്തോട് പറഞ്ഞു.

‘‘നേട്ടത്തിൽ അതിയായ സന്തോഷമുണ്ട്. ആഗ്രഹിച്ചതുപോലെ, ഇന്ത്യൻ വിദേശകാര്യ സർവീസിൽ (ഐ.എഫ്.എസ്) ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും’’ അശ്മിൽ ഷാ പറഞ്ഞു. മൂന്നിയൂർ സലാമത്ത് നഗർ സ്വദേശികളായ സൗദിയിൽ പ്രവാസിയായ അബൂബക്കർ സിദ്ദീഖിന്റെയും ആയിശയുടെയുടെയും മകനാണ് അശ്മിൽ.

ആറാംക്ലാസ് മുതൽ ബിരുദംവരെ 11 വർഷം ദാറുൽ ഹുദയിലായിരുന്നു പഠനം. ദാറുൽ ഹുദയിലെ പഠനമാണ് അശ്മിലിന്റെ വിജയത്തിന് അടിത്തറയായത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ്ങിൽ (എൻ.ഐ.ഒ.എസ്) രജിസ്റ്റർ ചെയ്താണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ പാസായത്.

കാലിക്കറ്റ് യൂനിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്നും സൊസൈറ്റൽ ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ അശ്മിൽ, പഠന ശേഷം കാസർകോട് കുനിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലെ ഐ.എ.എസ് അക്കാദമിയിൽനിന്നും ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി. നിലവിൽ, ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഇൻറർനാഷണൽ റിലേഷൻസിൽ രണ്ടംവർഷം പി.ജി ചെയ്തുകൊണ്ടിരിക്കുകയാണ്. സഹോദരങ്ങൾ: അസ്‍ലംഷാ, അർഷദ് ഇസ്മായിൽ, ആലിയ.

Tags:    
News Summary - Ashmil Shah Achieves His Dream of Entering the IFS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.