പുലാമന്തോൾ: കൊളത്തൂർ-പുലാമന്തോൾ റൂട്ടിൽ താഴ്ന്നിറങ്ങിയ റോഡരികുകൾ അപകടക്കെണിയാവുന്നു. കുടിവെള്ളപദ്ധതി പൈപ്പ് ലൈൻ ചാലുകൾ മൂടിയ ഭാഗങ്ങളാണ് വീണ്ടും താഴ്ന്നിറങ്ങിയത്. പുലാമന്തോൾ മുതൽ ഓണപ്പുടവരെയുള്ള പൈപ്പ് ലൈൻ ചാലുകളാണ് ഒരു മാസം മുമ്പ് മൂടിയത്.
ഏതാനും ദിവസങ്ങൾക്ക് ശേഷം മൂടിയ ഏഴ് കിലോമീറ്റർ ചാലിന്റെ പുലാമന്തോൾ ചക്കമ്പലം, തവുള്ളിപ്പാലം, ചെട്ടിയങ്ങാടി, പാലൂർ, ആലമ്പാറ, ചെമ്മലശ്ശേരി, രണ്ടാംമൈൽ കുരുവമ്പലം തുടങ്ങിയ ഭാഗങ്ങളെല്ലാം താഴ്ന്നിറങ്ങിയ അവസ്ഥയിലാണ്. ഇതിൽ ചക്കമ്പലം, തവുള്ളിപ്പാലം, ചെട്ടിയങ്ങാടി പോലുള്ള റോഡ് വീതി കുറഞ്ഞ ഭാഗങ്ങളിൽ ഗതാഗതം ദുസ്സഹമാണ്. എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് വഴിമാറികൊടുക്കാനാവാതെ ചെറിയ വാഹനങ്ങൾ റോഡിൽനിന്ന് തെന്നിയിറങ്ങി മറിയുന്നതാണ് പതിവ്.
ജൽജീവൻ പദ്ധതിക്കായി ആറു മാസം മുമ്പ് തുടങ്ങിയ പൈപ്പ് ലൈൻ നവീകരണ പ്രവർത്തനത്തിന് ശേഷം കുഴി മൂടിയെങ്കിലും 10ൽപരം വലിയ വാഹനങ്ങൾ ഈ റൂട്ടിൽ റോഡരികിൽ താഴ്ന്നിറങ്ങുകയുണ്ടായി. പിന്നീട് ചാലുകൾ മാന്തി മെറ്റലും മണ്ണും നിറച്ച് മൂടിയ ചാലുകളാണ് പ്രവൃത്തി നേരെ ചൊവ്വെ ആവാത്തതിനാൽ വീണ്ടും താഴ്ന്നിറങ്ങി അപകടക്കെണിയാവുന്നത്.
പുലാമന്തോൾ ചക്കമ്പലം ഭാഗത്ത് വീതി കുറഞ്ഞ റോഡിന്റെ
അരിക് താഴ്ന്നിറങ്ങി അപകടക്കെണിയിലായ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.