ലോഫ്ലോർ ബസുകൾ ക്ലാസ്​ മുറികളാകും; ആദ്യ ബസ് കണ്ടനകം വർക്ക് ഷോപിൽനിന്ന് കൈമാറും

എടപ്പാൾ: ലോ ഫ്ലോർ ബസുകൾ ക്ലാസ് മുറികളാക്കുന്നതിന്‍റെ ഭാഗമായി കണ്ടനകം കെ.എസ്.ആർ.ടി.സി വർക് ഷോപിൽനിന്ന് ആദ്യ ബസ് കൈമാറും. മണ്ണാർക്കാട് ഭീമനാട് ജി.യു.പി സ്കൂളിനാണ് ആദ്യ ബസ് നൽകുന്നത്. ഇതിനായി സ്കൂൾ അധികൃതർ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് കാലം മുതൽ കണ്ടനകത്ത് 61 ലോ ഫ്ലോർ ബസുകളാണ് ഉപയോഗ ശൂന്യമായി കിടന്നിരുന്നത്. ഇതിൽ ഒമ്പത് ബസുകൾ പൊളിച്ച് വിൽപന നടത്തി.

അഞ്ച് ബസുകൾ ബൈപാസ് റൈഡർ സ്റ്റേഷനായി നിർമിച്ചു. നിലവിൽ 47 ബസുകൾ കട്ടപ്പുറത്ത് കിടക്കുന്നുണ്ട്. ഇതിലെ ഒരു ബസാണ് ആദ്യമായി ക്ലാസ് മുറിയായി ഉപയോഗിക്കാൻ നൽകുന്നത്. മറ്റു ലോ ഫ്ലോർ ബസുകൾ ആവശ്യാനുസരണം ക്ലാസ് മുറികൾക്കും ഷോപ്പുകൾ നിർമിക്കാനും നൽകും. രണ്ട് വർഷത്തോളമായി കോടി കണക്കിന് രൂപയുടെ ബസുകളാണ് കണ്ടനകം വർക് ഷോപ്പിൽ ഉപയോഗശൂന്യമായി കിടന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനെടുക്കുന്ന നടപടികളുടെ കാലതാമസമാണ് ഗതാഗത വകുപ്പിനെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. അടുത്ത മാസം ബസ് സ്കൂളിന് നൽകാനാണ് തീരുമാനം. ബസ് കൈമാറുക മാത്രമേ കണ്ടനകം കെ.എസ്.ആർ.ടി.സി അധികൃതർ ചെയ്യുകയുള്ളൂ. നവീകരണം സ്കൂൾ അധികൃതർ തന്നെ നടത്തണം. കെട്ടിട സൗകര്യമില്ലാത്ത സ്കൂളുകൾക്ക് ഇതൊരു വലിയ ആശ്വാസമാണ്.

Tags:    
News Summary - Low-floor buses will be classrooms; The first bus will be delivered from Kandanakam workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.