കോട്ടക്കൽ: സ്കൂളിലെ ഓഫിസ് മുറിയുടെ പൂട്ട് പൊട്ടിച്ച് മോഷ്ടാക്കൾ കവർന്നത് അറുപതിനായിരം രൂപ. ദൃശ്യങ്ങൾ പതിയാതിരിക്കാൻ നിരീക്ഷണ കാമറയുടെ ഡി.വി.ആറും അടിച്ചുകൊണ്ടുപോയി. ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിലാണ് സ്കൂൾ അധികൃതരെ ഞെട്ടിച്ച സംഭവം.
മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ നിരീക്ഷണ കാമറയിൽ പതിഞ്ഞതോടെ കോട്ടക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഹൈസ്കൂൾ വിഭാഗം ഓഫിസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്. യൂനിഫോമിനും മറ്റുമായി കൈപറ്റിയ പണമാണിത്. അലമാരയും മറ്റും വാരിവിരിച്ചുകിടക്കുന്ന നിലയിലാണ്. ഇരുചക്രവാഹനത്തിൽ എത്തിയ മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.
ബനിയനും പാന്റും അണിഞ്ഞ ഇവർ മുഖാവരണം ധരിച്ച് വരുന്നതും പോകുന്നതും നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിലെ കാമറയിലാണ് മൂന്നുപേരുടെ ദൃശ്യങ്ങളുള്ളത്. ലൈബ്രറിയുടെ വാതിലുകൾ തുറന്നിട്ട നിലയിലാണ്. പ്രധാനാധ്യാപിക നൽകിയ പരാതിയിൽ കേസ് എടുത്ത പൊലീസ് എസ്.ഐ സൈഫുല്ലയുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ് വിരലടയാള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.