വോട്ട് ചെയ്തിറങ്ങിയ നുസ്രത്ത്
മലപ്പുറം: രണ്ടര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് നുസ്രത്ത് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ആ വോട്ട് ജനാധിപത്യത്തിന്റെ വിരലടയാളം മാത്രമായിരുന്നില്ല. അവകാശപോരാട്ടത്തിനൊടുവിൽ നേടിയെടുത്ത വിജയംകൂടിയായിരുന്നു.
ഭിന്നശേഷിക്കാരിയായ നുസ്റത്ത് ഇന്നലെ ഉച്ചക്ക് 12.15നാണ് തന്റെ ബൂത്തായ മരുത കാഞ്ഞിരത്തിങ്ങലിലെ മുനവ്വിറുൽ ഇസ്ലാം മദ്റസയിലെത്തിയത്. എന്നാൽ, അവിടെ ഭിന്നശേഷിക്കാർക്കുള്ള റാമ്പ് തയാറാക്കിയിരുന്നില്ല. ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ അവരും കൈമലർത്തി. ഓപൺ വോട്ട് ചെയ്തോട്ടെയെന്നും അല്ലെങ്കിൽ വീൽചെയർ കൊണ്ടുവരാമെന്നും പലരും പറഞ്ഞു.
എന്നാൽ, വിട്ടുകൊടുക്കാൻ നുസ്റത്ത് ഒരുക്കമല്ലായിരുന്നു. ജില്ല കലക്ടറെ നേരിട്ട് വിളിച്ചു. കലക്ടർ വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ, രണ്ടര മണിക്കൂർ കാത്തുനിന്നിട്ടും പരിഹാരമായില്ല. അതിനിടെ രാഷ്ട്രീയ പ്രവർത്തകർ ചേർന്ന് താൽക്കാലിക റാമ്പ് തയാറാക്കി. അതിൽ കയറി വോട്ട് ചെയ്തിറങ്ങിയപ്പോഴാണ് പഞ്ചായത്തിൽനിന്ന് റാമ്പെത്തിയത്. സമയം വൈകിയതിന്റെ കാരണമന്വേഷിച്ചപ്പോൾ സെക്രട്ടറി ക്ഷമ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.