യു.ഡി.എഫ് ശക്തികേന്ദ്രം; വിള്ളൽ വീഴ്ത്താൻ ഇടതുപക്ഷം

പൊന്മള: ശക്തമായ രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്തായ പൊന്മളയിൽ അട്ടിമറികൾ നടന്നില്ലെങ്കിൽ യു.ഡി.എഫ് ഭരണം നിലനിർത്തും. രണ്ടുതവണ അധികാരം നഷ്ടപ്പെട്ടതൊഴിച്ചാൽ യു.ഡി.എഫ് ഭരണം നിയന്ത്രിക്കുന്ന ഗ്രാമപഞ്ചായത്തുകളിലൊന്നാണിത്. യു.ഡി.എഫിന്, പ്രത്യേകിച്ച് മുസ്‍ലിം ലീഗിന് ഏറെ വേരോട്ടമുള്ള പഞ്ചായത്തുകൂടിയാണിത്. ഇടതുപക്ഷത്തിന് കരുത്ത് കാട്ടാൻ അവസരം ലഭിച്ചതോടെ രണ്ടുതവണ എൽ.ഡി.എഫ് ഭരണം പിടിച്ച ചരിത്രവും ഇവിടെയുണ്ട്. 1979ലും 2000ലുമായിരുന്നു ഇടത് നേട്ടം. സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന ഉമ്മർ മാസ്റ്ററായിരുന്നു 79ൽ അധ്യക്ഷ പദവി അലങ്കരിച്ചിരുന്നത്. 2000ൽ എം. കമലവും അധ്യക്ഷ പദവി വഹിച്ചു. ബാക്കി കാലയളവിലെല്ലാം യു.ഡി.എഫിനൊപ്പമാണ് ഭരണം മുന്നോട്ടുപോയത്.

2015ൽ തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫിൽ ചില പ്രാദേശിക പ്രതിസന്ധികൾ കടന്നുവന്നെങ്കിലും ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചു. 2020ൽ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് മത്സരിച്ചതും ഭരണം നയിച്ചതും. ഇത്തവണ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നേരത്തെ തന്നെ യു.ഡി.എഫ് ഒരുക്കം പൂർത്തിയാക്കിയിരുന്നു. സീറ്റുകൾ സംബന്ധിച്ച് നീക്കുപോക്കുകളും പൂർത്തിയാക്കി. ഇടതുപാളയത്തിലും ഇത്തവണ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നത്. നേരത്തെ ലഭിച്ചതിൽ കൂടുതൽ സീറ്റുകൾ നേടി കരുത്തുകാട്ടുകയാണ് ഇടതുലക്ഷ്യം. ചില വാർഡുകളിൽ അപ്രതീക്ഷിത നേട്ടവും ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്. പുതുതായി നിലവിൽ വന്ന വാർഡുകളിലും നേട്ടമുണ്ടാക്കാനുമെന്നാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ. എൻ.ഡി.എ സഖ്യവും പ്രചാരണത്തിന് സജീവമാണ്. വോട്ടുനില ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേരത്തെ 18 വാർഡുകളുണ്ടായിരുന്ന ഗ്രാമപഞ്ചായത്തിൽ പുനർനിർണയം വന്നതോടെ മൂന്ന് വാർഡുകൾ വർധിച്ച് 21 ആ‍യി. നിലവിൽ 18 വാർഡുകളിൽ യു.ഡി.എഫിന് 13ഉം എൽ.ഡി.എഫിന് നാലും എസ്.ഡി.പി.ഐക്ക് ഒരു സീറ്റുമുണ്ട്. 13ൽ ലീഗിന് എട്ടും കോൺഗ്രസിന് അഞ്ചും അംഗങ്ങളുണ്ട്. എൽ.ഡി.എഫിൽ സി.പി.എമ്മിന് മൂന്നും ഒരു സ്വതന്ത്രനുമുണ്ട്.

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.