സമീൽ പരപ്പനങ്ങാടി-പോക്കർഷ ടീം കഥാപ്രസംഗ അവതരണം നടത്തുന്നു
പരപ്പനങ്ങാടി: കഥയും പ്രസംഗവും പാട്ടും അഭിനയവും സമം ചേർത്ത് നാട്ടുകാരുടെ ഹൃദയത്തിലേക്ക് തറക്കുന്ന അമ്പുകളാണ് തെരഞ്ഞെടുപ്പ് കാലത്തെ കഥാപ്രസംഗങ്ങൾ. കഥാപ്രസംഗകർക്കും പാരഡി ഗായകർക്കും ഇത് തിരക്കേറിയ കാലമാണ്. ഹിറ്റ് സിനിമാഗാനങ്ങൾക്ക് രാഷ്ട്രീയ വകഭേദം നൽകി ശ്രുതിയും താളവും പിഴക്കാതെ ഒരുക്കുന്നത് ജനമനസ്സുകളിൽ സ്ഥാനാർഥികൾക്ക് പെട്ടെന്നിറങ്ങിച്ചെല്ലാൻ സഹായമേകും.
രാഷ്ട്രീയ കഥാപ്രസംഗ രംഗത്ത് കാൽനൂറ്റാണ്ടു പിന്നിട്ട പോക്കർഷ, സമീൽ പരപ്പനങ്ങാടി, മുജീബ് ഉള്ളണം ടീമിന് തെരഞ്ഞെടുപ്പ് കാലം കലാ ആവിഷ്കാരങ്ങളുടെ വസന്തകാലമാണ്. ഇടതു വലതു മുന്നണികൾ കഥാ പ്രസംഗംകൊണ്ടും രാഷ്ട്രീയ പോര് നയിച്ചിരുന്ന കാലത്താണ് പോക്കർഷയുടെ പത്തൊമ്പതാം വയസ്സിൽ ഉള്ളണം മുണ്ടിയൻകാവിൽ എസ്.ടി.യു ദേശീയ നേതാവ് ഉമ്മർ ഒട്ടുമ്മൽ രാഷ്ട്രീയ കഥാപ്രസംഗ അരങ്ങേറ്റം ഉദ്ഘാടനം ചെയ്തത്. ഇതിനകം രണ്ടായിരം വേദികൾ പിന്നിട്ടു.
സമീൽ പരപ്പനങ്ങാടി ആദ്യ കാലങ്ങളിൽ സി.പി.എം വേദികളിലാണ് താരമായിരുന്നത്. പിന്നീട് മുസ്‌ലിം ലീഗിലെത്തി. സെമിൽ പരപ്പനങ്ങാടി, പോക്കർഷ, മുജീബ് ഉള്ളണം ടീമുകൾ മലബാറിലെ യു.ഡി.എഫ് വേദികൾ ഇളക്കി മറിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് രണ്ടു മണിക്കൂറോളം കഥാപ്രസംഗത്തിന് ഉഴിഞ്ഞുവെച്ചിരുന്നു.
പ്രസംഗത്തെക്കാൾ കടുപ്പമാണ് കഥാപ്രസംഗം എന്ന നിലവന്നതോടെ രാഷ്ട്രീയ എതിരാളികളുടെ എതിർപ്പ് ശക്തമായി, പിന്നീട് ഭീഷണിയായി. ഒരിക്കൽ കണ്ണൂരിൽ പരിപാടി കഴിഞ്ഞ് മടങ്ങവെ അജ്ഞാതർ സഞ്ചരിക്കുന്ന വാഹനത്തിന് ബോംബെറിഞ്ഞു. തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടതെന്ന് പോക്കർഷ ഓർക്കുന്നു.
മുസ്‍ലിം ലീഗ് നേതാക്കളായ പി.വി. മുഹമ്മദ് അരീക്കോട്, പി.വി. മനാഫ്, അഡ്വ. കെ.കെ. സെയ്തലവി എന്നിവരാണ് വിവിധ കാലങ്ങളിൽ ഇവർക്കായി ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ വിചാരണ ചെയ്ത് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചാർത്ത് കഥാപ്രസംഗങ്ങൾ എഴുതി നൽകാറുള്ളത്.
ഗ്രാമീണ കഥാപാത്രങ്ങൾ പോക്കർഷയുടെ കഥാപ്രസംഗങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പാണ് പാരഡി ഗാനങ്ങൾക്ക് വിശ്രമമില്ലാകാലം. പാരഡി ഗാന സംവിധാനത്തിൽ നിസാർ കൊടിഞ്ഞിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും വർഷങ്ങളായി രംഗത്തുണ്ട്. കഥാകാരനും സി.പി.എം നേതാവുമായ തൃക്കുളം കൃഷ്ണൻകുട്ടിയാണ് മലബാറിലെ ഇടതുരാഷ്ട്രീയ വേദികളെ കഥാപ്രസംഗം കൊണ്ട് ആകർഷണീയമാക്കി വേറിട്ട തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.