അപകടത്തിൽ മരിച്ച മുഹമ്മദാലിയുടെ കുടുംബത്തിനായി ആട്ടീരി പള്ളിപ്പുറത്ത് ആരംഭിച്ച കപ്പ ചലഞ്ച്
കോട്ടക്കൽ: ആറുവരിപ്പാതയുടെ സർവിസ് റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രെയിലർ വാഹനം ഇടിച്ച് ജീവൻ പൊലിഞ്ഞ യുവാവിന്റെ കുടുംബത്തിനായി കപ്പ ചലഞ്ചുമായി നാടൊന്നിക്കുന്നു. അപകടത്തിൽ മരിച്ച വടക്കേതിൽ മുഹമ്മദാലി (ബാവാട്ടി-47) ആട്ടീരി പള്ളിപ്പുറത്ത് പാട്ടത്തിനൊടുത്ത കൃഷിയിടത്തിൽ കപ്പ വിളയിച്ചിരുന്നു.
വിളവെടുപ്പിന് തയാറാടെക്കുന്നതിനിടെ കഴിഞ്ഞ എട്ടിന് നടന്ന അപകടത്തിലാണ് ബാവാട്ടിക്ക് ജീവൻ നഷ്ടമായത്. മൂന്ന് പെൺകുട്ടികളടക്കം അഞ്ച് മക്കളും ഭാര്യയും അടങ്ങുന്നതാണ് ബാവാട്ടിയുടെ കുടുബം. ഏക അത്താണിയായിരുന്ന ബാവാട്ടിയുടെ വിയോഗത്തോടെ കുടുംബത്തെ സഹായിക്കാനായി ആട്ടീരി പള്ളിപ്പുറം ബ്രദേഴ്സ് കൂട്ടായ്മയാണ് ഞായറാഴ്ച കപ്പ ചലഞ്ച് ഒരുക്കിയത്.
മഴ കനത്തതോടെ ശനിയാഴ്ച വൈകീട്ട് വിളവെടുപ്പ് ആരംഭിച്ചു. ഒരു കിറ്റിന് 200 രൂപ നിരക്കിലാണ് ചലഞ്ച് നടത്തുന്നത്. നാട്ടുകാർക്ക് പുറമെ ബാവാട്ടിയുടെ സുഹൃത്തുക്കൾ, സുമനസ്സുകൾ തുടങ്ങി നിരവധി പേരാണ് ചലഞ്ചിൽ പങ്കാളികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.