ബിഷറുൽ ഹാഫി പിതാവ് ഇന്ത്യനൂരിലെ പാറക്കൽ ഹംസ ഉണ്ടാക്കിയ വാഹനത്തിനൊപ്പം
കോട്ടക്കൽ: കുട്ടികൾക്ക് എന്തേലും ആഗ്രഹമുണ്ടെങ്കിൽ നമ്മളത് സാധിച്ചുകൊടുക്കണമെന്നൊരു ഡയലോഗ് നടൻ സിദ്ദീഖ് പറയുന്ന ഒരു സിനിമയുണ്ട്. അത്തരത്തിൽ ഒരാഗ്രഹം മകന് സാധിച്ചു കൊടുത്തിരിക്കുകയാണ് കോട്ടക്കൽ ഇന്ത്യനൂരിലെ പാറക്കൽ ഹംസ. അഞ്ചു വയസ്സുകാരൻ ബിഷറുൽ ഹാഫിക്ക് ഉണ്ടാക്കിക്കൊടുത്തതാകട്ടെ ഇത്തിരിക്കുഞ്ഞൽ ഓട്ടോറിക്ഷയാണ്.
വലിയ മാളുകളിൽ പോകുമ്പോൾ അവിടെ കാണുന്ന കുഞ്ഞുവാഹനങ്ങൾ കാണുമ്പോൾ കുഞ്ഞു ഹാഫി പറയുമായിരുന്നു ഉപ്പച്ചി ഇതുപോലൊരു വണ്ടി വേണമെന്ന്. കൂരിയാട് ഇൻഡസ്ട്രിയൽ ഷോപ്പ് ഉടമ ഹംസ പിന്നെയൊന്നും ആലോചിച്ചില്ല. ചെറുപ്പത്തിൽ പെങ്ങളുടെ മക്കൾക്ക് ഇതുപോലെ വാഹനങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നത് പതിവായിരുന്നു. ആ ധൈര്യത്തിൽ വണ്ടിക്കാവശ്യമുള്ള സാധനങ്ങളൊക്കെ പൊളിമാർക്കറ്റിൽനിന്നും സംഘടിപ്പിച്ചു.
ആദ്യം ചെറിയ സൈക്കിളിന്റെ ടയറുകളാണ് ഘടിപ്പിച്ചത്. സാധാ ഓട്ടോയുടേതുപോലെ മുകൾ ഭാഗം വുഡുകൊണ്ട് മറച്ചു. പിറകിലെ സീറ്റിൽ രണ്ടു പേർക്ക് ഇരിക്കാനുള്ള സൗകര്യവും വണ്ടി ഓടിക്കാൻ വൈദ്യുതിബന്ധമുള്ള ബാറ്ററിയും സെറ്റാക്കി. പക്ഷേ, മണലിൽ ഓടിക്കുമ്പോൾ ഭയങ്കര ശബ്ദം വന്നതോടെ പ്ലാസ്റ്റിക് ടയറുകൾക്ക് പകരം റബർ ടയറുകളാക്കി. ബാറ്ററി കൊടുത്താൽ ഓടുന്നതിന് പകരം ചാവികൊണ്ടുള്ള സംവിധാനമാക്കി. വേഗം പതിനഞ്ചാക്കി സെറ്റാക്കിയതോടെ കുഞ്ഞു ഓട്ടോ റെഡിയായി.
വീടിനകത്തും പുറത്തുമായിരുന്നു ഹാഫി ഇതുവരെ ഓടിച്ചിരുന്നത്. പണിമുടക്ക് ദിവസം നിരത്തിൽ വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ മകനുമൊപ്പം വാഹനം പുറത്തിറക്കിയതോടെയാണ് എല്ലാവരും സംഭവറിയുന്നത്. കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ചാവി സ്വന്തം കീശയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ഹംസ. കോട്ടൂരിലെ പ്രീപ്രൈമറി വിദ്യാർഥിയാണ് ഹാഫി. മാതാവ്: ഫാത്തിമ ഫർസാന. എട്ടു മാസം പ്രായമുള്ള അഹ്മദ് റസ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.