കോട്ടക്കൽ: ഓരോ മഴക്കാലത്തും സ്വന്തം വീട് ഉപേക്ഷിച്ച് വാടക വീട്ടിൽ കഴിയുകയാണ് ഭിന്നശേഷി വിഭാഗത്തിലുള്ള മകനും അമ്മയും അമ്മാമയും. വീടിന് സമീപത്തെ ഉയരത്തിലുള്ള സ്ഥലത്തുനിന്ന് കൂറ്റൻ കല്ല് വീടിന്മേൽ പതിക്കുമെന്ന ഭീതിയിലാണ് കുടുംബം. കോട്ടക്കൽ പുലിക്കോട് റോഡിന് സമീപം കഴിയുന്ന സുനന്ദയും മാതാവ് അമ്മ 84 കാരിയായ ലീലക്കുട്ടിയും മകൻ ആനന്ദകൃഷ്ണനുമാണ് തോക്കാമ്പാറയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നത്.
ആര്യവൈദ്യശാല ജീവനക്കാരനായിരുന്ന ഭർത്താവ് മായറുകര മുരളീധരൻ മരിച്ചതിനെ തുടർന്ന് ലഭിച്ച ജോലിയാണ് സുനന്ദയുടെയും കുടുംബത്തിന്റെയും ഏക വരുമാനം. 15 വർഷങ്ങൾക്ക് മുമ്പാണ് വീട് നിർമിച്ചത്. ഈയടുത്ത കാലത്താണ് കല്ലുകൾക്ക് വിള്ളൽ സംഭവിച്ചു തുടങ്ങിയത്. മണ്ണും കല്ലും താഴേക്ക് പതിച്ചതോടെ കഴിഞ്ഞ വർഷക്കാലത്ത് കോട്ടപ്പടിയിലാണ് കുടുംബം വാടകക്ക് താമസിച്ചിരുന്നത്. മകൻ ചെർപ്പുളശ്ശേരിയിലെ സ്ഥാപനത്തിൽ നിന്നുപഠിക്കുകയാണ്.
വാടകക്ക് താമസിക്കുന്നതിനാൽ അവധി ദിവസങ്ങളിൽ കൊണ്ടുവരാൻ പറ്റാത്ത സ്ഥിതിയാണ്. മഴ ശക്തമായതോടെ പാറക്കല്ലിന്റെ ചെറിയ ഭാഗം അടർന്നുവീണതോടെ ഭീതിയിലാണ് കുടുംബം. ബാക്കി ഭാഗം നിലംപതിച്ചാൽ വീട് തകരുന്ന അവസ്ഥയായതോടെ മാറിതാമസിക്കാൻ തീരുമാനിക്കുകയായിരുന്നു. മഴ മാറുന്നത് വരെ വാടകക്ക് താമസിക്കേണ്ടി വരും.
വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂൺ 13ന് ദുരന്തനിവാരണ വകുപ്പിനും കോട്ടക്കൽ നഗരസഭക്കും നിവേദനം നൽകിയിരിക്കുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.