ഓട്ടോറിക്ഷക്കൊപ്പം അസൂമി
കോട്ടക്കൽ: ബിരുദം പൂർത്തിയാക്കി നാഗാലാന്റ് ദിമപൂരിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ ഉദ്യോഗാർഥി ഇന്ന് ഹാപ്പിയാണ്. നാലുവർഷമായി മഞ്ചേരിയിലെ സ്വകാര്യ സ്കൂളിലെ പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ പി.എം. അസൂമി അവധിക്കാലത്തും വ്യത്യസ്തനാണ്. രണ്ടുമാസം കോട്ടക്കൽ സ്റ്റേഷൻ പരിധിയിലെ ഓട്ടോ ഡ്രൈവറുടെ കുപ്പായമണിഞ്ഞിരിക്കുകയാണ് ഇദ്ദേഹം.
എട്ടുവർഷം മുമ്പാണ് അസൂമി മലപ്പുറത്തെത്തുന്നത്. വേങ്ങരയിലായിരുന്നു ആദ്യം ജോലി കിട്ടിയത്. പിന്നീട് കോട്ടക്കലിലെ സ്ഥാപനത്തിൽ ഇംഗ്ലീഷ് ഭാഷയിൽ രണ്ടുവർഷം പരിശീലകനായി. സ്ഥാപന ഉടമയായ കാവതികളം സ്വദേശി ചെമ്മുക്കൻ ഹംസയുമായുള്ള ബന്ധമാണ് വഴിത്തിരിവായത്. അസൂമിയുടെ കുടുംബസുഹൃത്തായി മാറിയ ഹംസയാണ് ഇപ്പോൾ വഴികാട്ടി. എല്ലാവർഷവും അവധിക്കാലത്ത് നാട്ടിലേക്ക് തിരിക്കും. ജേഷ്ഠസഹോദരൻ നാട്ടിൽ അധ്യാപകനാണ്. രണ്ട് സഹോദരിമാരടക്കം ആറുപേരടങ്ങുന്നതാണ് കുടുംബം.
മാതാവ് മരിച്ചതിനെ തുടർന്ന് 2024ൽ നാട്ടിൽ പോയി തിരിച്ചെത്തിയ അസൂമി ഇത്തവണ പാർട്ട് ടൈം ജോബിലേക്ക് കടക്കുകയായിരുന്നു. രണ്ടുമാസത്തേക്ക് എന്തെങ്കിലും ജോലി വേണമെന്ന് നിർബന്ധം പിടിച്ചതോടെ ഹംസ ഓട്ടോ വാങ്ങി കൊടുക്കുകയായിരുന്നു. കോട്ടക്കൽ എടരിക്കോട് പെർമിറ്റിലുള്ളതാണ് വാഹനം. അധികം മലയാളം വഴങ്ങില്ല. എന്നാലും ഓട്ടം വിളിച്ചാൽ ഓട്ടോക്കൂലി ചോദിച്ച് വാങ്ങാനൊക്കെ പഠിച്ചുകഴിഞ്ഞു. ഇപ്പോൾ പരിചയക്കാരുടെ ഓട്ടമാണുള്ളത്. പെർമിറ്റ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. വർഷങ്ങൾക്ക് മുന്നെ കേരളം സന്ദർശിച്ചതിനാൽ ഇവിടെ വളരെ ഇഷ്ടമാണെന്നും മലയാളികൾ പൊളിയാണെന്നും അസൂമി പറയുന്നു. സ്കൂളിലെ കുട്ടിക്കൂട്ടങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനാണെങ്കിലും ഓട്ടോ ഓടിക്കുന്ന കാര്യം ആർക്കും അറിയില്ല. അവധിക്കാലത്ത് നിർധന വീട്ടിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.