ഒതുക്കുങ്ങൽ ജുമാമസ്ജിദ് അങ്കണത്തിൽ നടന്ന പൂളക്കുണ്ടൻ അവറു മാസ്റ്റർ അനുസ്മരണ യോഗം
കോട്ടക്കൽ: ഒരു നാടിന്‍റെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട മഹത് വ്യക്തിത്വമായിരുന്നു പൂളക്കുണ്ടൻ അവറു മാസ്റ്ററെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. 1976 പറപ്പൂരിൽ ഹൈസ്കൂൾ സ്ഥാപിതമായപ്പോൾ അദ്ദേഹമായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. ആ കാലഘട്ടത്തിൽ തൊട്ടടുത്ത പ്രദേശങ്ങളായ കോട്ടക്കൽ, രണ്ടത്താണി, പുതുപ്പറമ്പ്, എടരിക്കോട്, വേങ്ങര, കുഴിപ്പുറം, ഒതുക്കുങ്ങൽ എന്നിവിടങ്ങളിൽ നിന്നെല്ലാം ഹൈസ്കൂൾ പഠനത്തിനായി കുട്ടികൾ എത്തിയിരുന്നത് പറപ്പൂരിലേക്കായിരുന്നു. പഠനനിലവാരം മികച്ചതായതോടെ 1979ൽ എസ്.എസ്.എൽ.സി ഒന്നാം ബാച്ച് 71 ശതമാനം വിജയവുമായി ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി.
തൊട്ടടുത്ത വർഷം അത് 84 ശതമാനമായി ഉയർന്നതിലും ഇദ്ദേഹത്തിന്‍റെ പങ്ക് നിർണായകമായിരുന്നു. 82ൽ ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ചാക്കിരി ട്രോഫിയും സ്കൂൾ നേടി. പഴയ കാലം മുതൽ അധ്യാപകരുടെ സ്വന്തം നാട് എന്നറിയപ്പെടുന്ന പറപ്പൂരിന് പിന്നീടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി ഐ.യു സ്കൂൾ വളർന്നതിന് പിന്നിൽ അവറുവിന്‍റെ കഠിന പരിശ്രമമായിരുന്നു.
സംസ്ഥാന അധ്യാപക അവാർഡും ദേശീയ അധ്യാപക അവാർഡും നേടിയ ഇദ്ദേഹം ഫാറൂഖ് എജുക്കേഷൻ ട്രസ്റ്റ് സ്ഥാപകനായിരുന്നു. സാക്ഷരത പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തും പ്രവർത്തിച്ചു. ഒതുക്കുങ്ങൽ പള്ളി അങ്കണത്തിൽ നടന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കടമ്പോട്ട് മൂസ അധ്യക്ഷത വഹിച്ചു. പള്ളി മുത്തവല്ലി അബ്ദുൽകരീം മഞ്ഞകണ്ടൻ, ടി. കുഞ്ഞു, ടി.കെ. മുഹമ്മദ് കുട്ടി, പി. സെയ്തലവി, ഹിദായത്തുല്ല, ടി. അബ്ദുൽഹഖ്, എം.കെ. കമറുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.