പു​ഷ്പ മ​ക്ക​ളാ​യ പ്ര​വീ​ണി​നും മി​ഥു​നു​മൊ​പ്പം

നാം കൈവിടരുത് ഈ കുടുംബത്തെ: കൈത്താങ്ങ് കാത്ത് ഭിന്നശേഷിക്കാരായ സഹോദരങ്ങളും മാതാപിതാക്കളും

കോട്ടക്കൽ: ആകെയുള്ള രണ്ട് ആൺമക്കളും ഭിന്നശേഷക്കാർ. ഇതിൽ ഒരുമകന്‍റെ വലതുകാൽ അപകടത്തെ തുടർന്ന് മുട്ടിന് താഴെ മുറിച്ചുമാറ്റി. ഇരുവരും താമസിക്കുന്നതാകട്ടെ നിത്യരോഗികളായ രക്ഷിതാക്കൾക്കൊപ്പം വാടക ക്വാർട്ടേഴ്‌സിൽ. സ്വന്തമായി നാല് സെൻറ് ഭൂമിയിൽ ഒരുകൊച്ചു വീടെന്ന സ്വപ്നത്തിന് മുന്നിൽ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് കോട്ടക്കൽ നായാടിപ്പാറയിലെ പൂഴിത്തറ പ്രഭാകരനും ഭാര്യ പുഷ്പയും. വാർധക്യത്തിൽ ഇവർക്ക് താങ്ങാവാൻ രണ്ട് ആൺമക്കളാണുള്ളത്. പക്ഷേ, മക്കളായ മിഥുനും (27), പ്രവീണും (24) രക്ഷിതാക്കളെ ചേർത്ത് പിടിക്കാൻ കഴിയില്ല. ഇരുവരും കോട്ടക്കൽ മനോവികാസ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളാണ്. പ്രായത്തിനൊപ്പം മനസ്സും ശരീരവുമെത്താത്തവർ. ഇതിനിടയിലാണ് കുടുംബത്തിന് ദുരിതംവിതച്ച് പ്രവീണിന് അപകടത്തിൽ പരിക്കേൽക്കുന്നത്. 2012ൽ ഒരു ഹർത്താൽ ദിനത്തിൽ രക്ഷിതാക്കൾക്കൊപ്പം നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. നീണ്ട ആശുപത്രി വാസങ്ങൾക്കൊടുവിൽ യുവാവിന്‍റെ വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റി. ഇതോടെ പരസഹായത്തോടെയല്ലാതെ ഒന്നിനും കഴിയില്ല. ഇതിന് പിന്നാലെ ഇടക്കിടക്ക് ബോധം നഷ്ടപ്പെടുകയാണ്.

അപകടത്തെ തുടർന്ന് വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ പ്രവീണിന് കോടതി വഴി ലഭിച്ച പണം കൊണ്ട് പാണ്ടമംഗലത്ത് നാല് സെൻറ് ഭൂമി വാങ്ങിയെങ്കിലും തുടർ ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് കുടുംബം. നാലുപേരും കഴിയുന്ന വാടകമുറിക്ക് 2500 രൂപയാണ് വാടക കുടിശ്ശിക വന്നതോടെ പതിനായിരം രൂപയോളം കൊടുക്കാനുണ്ട്. അമ്പലത്തിൽ താൽക്കാലിക ജീവനക്കാരിയായ പുഷ്പ പ്രമേഹരോഗിയാണ്. ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറായ പ്രഭാകരനാകട്ടെ നിത്യരോഗിയും. മകളെ വിവാഹം കഴിച്ചയച്ചു. മക്കളുടേയും പുഷ്പയുടേയും പേരിൽ കോട്ടക്കൽ ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 68930100003239 അക്കൗണ്ട് ഹോള്‍ഡര്‍: പ്രവീണ്‍.പി ആൻഡ് പുഷ്പ. ഐ.എഫ്.എസ്.സി കോഡ്: BARB0VJKOMA ഫോൺ: 9072712783. 

Tags:    
News Summary - Disabled siblings and parents seek help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.