നിർമാണം പാതിവഴിയിലായ എടപ്പറ്റ കൊമ്പംകല്ല് ജി.എൽ.പി സ്കൂൾ കെട്ടിടം
മേലാറ്റൂർ: നിർമാണം പാതിവഴിയിൽ നിലച്ച സ്കൂൾ കെട്ടിടം മൂന്ന് വർഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുന്നു. മേലാറ്റൂർ ഉപജില്ലയിലെ എടപ്പറ്റ കൊമ്പംകല്ല് ജി.എൽ.പി സ്കൂൾ കെട്ടിടമാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം പ്രവൃത്തി പാതിവഴിയിലായി കിടക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 2018-19 പ്ലാൻ ഫണ്ടിൽ 1.25 കോടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമാണം ആരംഭിച്ചത്. ആദ്യഘട്ടമായി കെട്ടിടത്തിന്റെ താഴെ നിലയും ഒന്നാം നിലയും വാർപ്പ്, ജനലുകളും വാതിലുകളും സ്ഥാപിക്കൽ, മുറികളുടെ ഉൾഭാഗം സിമന്റ് തേക്കൽ എന്നിവ 2022 മാർച്ചിൽ പൂർത്തിയായി. എന്നാൽ, മതിയായ ഫണ്ടില്ലെന്ന കാരണത്താൽ ബാക്കി പ്രവർത്തനങ്ങൾ നിർത്തിവെക്കുകയായിരുന്നു.
കെട്ടിടമുണ്ടായിട്ടും വിദ്യാർഥികൾക്ക് പഠനപ്രവർത്തനങ്ങൾ നൽകുന്നതിനുള്ള ക്ലാസ് മുറികളായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ആറ് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ഹാൾ, പെൺകുട്ടികൾക്കുള്ള വിശ്രമമുറി, ശുചിമുറികൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്. കെട്ടിട നിർമാണം പൂർത്തീകരിക്കുന്നതിനുള്ള അപേക്ഷയും പ്രൈസ് സൊഫ്റ്റ് വെയർ വഴി തയാറാക്കിയ വിശദ എസ്റ്റിമേറ്റും പ്രധാനാധ്യാപകൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് 2022ൽ അയച്ചിരുന്നു.
കൂടാതെ, 2022 ആഗസ്റ്റിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് നിവേദനമായും സമർപ്പിച്ചു. 2023-24, 2024-25 വർഷങ്ങളിലും കെട്ടിടം പൂർത്തീകരിക്കുന്നതിനുള്ള അപേക്ഷകൾ വിദ്യാഭ്യാസ വകുപ്പിന് അയച്ചിരുന്നു. നവകേരള സദസ്സിലൂടെ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിവേദനമായും സമർപ്പിച്ചു. സ്ഥലം എം.എൽ.എക്കും നിവേദനം സമർപ്പിച്ചിരുന്നു.
എന്നാൽ, ഇതുവരെ കെട്ടിട നിർമാണം പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നുമായില്ല. വേണ്ടത്ര കെട്ടിടം, ഐ.സി.ടി സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഈ സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥികൾ ഉപജില്ലയിലെ കലാകായിക-ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചും മത്സര പരീക്ഷകളിൽ വിജയിച്ചും ജില്ലയിലെ തന്നെ മാതൃകാ വിദ്യാലയങ്ങളിലൊന്നാക്കി മാറ്റി.
പ്രീ-പ്രൈമറി അടക്കം ഈ അധ്യയനവർഷം 155 വിദ്യാർഥികൾ പഠിക്കുന്ന 113 വർഷം പഴക്കമുള്ള ഈ വിദ്യാലയം കൊമ്പംകല്ല് ഗ്രാമത്തിന്റെ വിദ്യാകേന്ദ്രവും, സാംസ്കാരിക കേന്ദ്രവും കൂടിയാണ്. വിദ്യാലയത്തിൽ പഠിക്കുന്നത് ഭൂരിഭാഗവും പാവപ്പെട്ട കൂലിപ്പണിക്കാരുടെ മക്കളാണ്. ഇവർക്ക് സമഗ്ര ഗുണമേന്മാവിദ്യാഭ്യാസം നേടുന്നതിന് കെട്ടടത്തിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.