തിരൂർ: അവഗണനയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും കടലുകൾ നീന്തിക്കയറുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിന് കരുതലിന്റെ തണലേകി തിരൂർ ജില്ല ആശുപത്രി. ട്രാൻസ്ജെൻഡറുകളുടെ ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിനായി ഒരുക്കുന്ന പ്രത്യേക ക്ലിനിക് വ്യാഴാഴ്ച മുതൽ തിരൂർ ജില്ല ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും.
മലപ്പുറം ജില്ല പഞ്ചായത്ത്, തിരൂർ ജില്ല ആശുപത്രി, തിരൂർ ലയൺസ് ക്ലബ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ഈ മാതൃകം പദ്ധതി യാഥാർഥ്യമാകുന്നത്. ഹോർമോൺ പരിശോധന, മരുന്ന് വിതരണം, കൗൺസലിങ്, ജനറൽ മെഡിസിൻ, എൻഡോക്രൈനോളജി സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാകുന്ന രീതിയിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. വ്യാഴാഴ്ച രാവിലെ 11ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജ ക്ലിനിക് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് പിന്നാലെ ഹോർമോൺ പരിശോധനക്ക് വിധേയരായ ഗുണഭോക്താക്കളുടെ പരിശോധനഫലം വിദഗ്ധ ഡോക്ടർമാർ വിലയിരുത്തുകയും ആവശ്യമായ ചികിത്സയും മരുന്ന് വിതരണവും ആരംഭിക്കുകയും ചെയ്യും.
ഇനി ചികിത്സക്കായി എറണാകുളത്ത് അലയേണ്ട
തിരൂർ: ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ കടുത്ത മാനസിക-ശാരീരിക വെല്ലുവിളികളാണ് ട്രാൻസ്ജെൻഡർ വ്യക്തികളിൽ സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ മൂന്നുമുതൽ ആറു മാസം കൂടുമ്പോൾ കൃത്യമായ ഹോർമോൺ പരിശോധനയും ചികിത്സയും ഇവർക്ക് അത്യന്താപേക്ഷിതമാണ്. നിലവിൽ ജില്ലയിൽ ഇതിനുള്ള ചികിത്സ സൗകര്യങ്ങളില്ലാത്തതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രികളെയാണ് ഭൂരിഭാഗം പേരും ആശ്രയിച്ചിരുന്നത്.
എന്നാൽ, ഭീമമായ പരിശോധന ചെലവും മരുന്നുകളുടെ വിലയും പലർക്കും താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. സർക്കാർ മേഖലയിൽ ഇത്തരമൊരു സൗകര്യം അപൂർവമായ പശ്ചാത്തലത്തിലാണ് തിരൂരിൽ ചരിത്രപരമായ ഈ കാൽവെപ്പ്. തിരൂർ ആസ്ഥാനമായുള്ള കൾചറൽ സൊസൈറ്റി പ്രസിഡന്റ് നേഹ ചെമ്പകശ്ശേരി ജില്ല പഞ്ചായത്തിന് നൽകിയ നിവേദനവും ഈ സ്വപ്ന പദ്ധതിക്ക് വേഗം കൂട്ടി. മാസത്തിലൊരിക്കൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ പ്രധാനമായും എൻഡോക്രൈനോളജി, ജനറൽ മെഡിസിനിൽ വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ പരിശോധനയും മരുന്നും, ഹോർമോൺ ലെവൽ ടെസ്റ്റുകളും മാനസിക പിന്തുണ ഉറപ്പാക്കാൻ പ്രത്യേക കൗൺസലിങ് സേവനം തുടങ്ങിയവ നൽകും ആശുപത്രിയിലെ പുതിയ കെട്ടിടത്തിലാണ് ക്ലിനിക്ക് ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ മേഖലയിൽ എൻഡോക്രൈനോളജിസ്റ്റുകളുടെ കുറവുള്ളതിനാൽ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ പുറത്തുനിന്നുള്ള വിദഗ്ധ ഡോക്ടറുടെ സേവനം ക്ലിനിക്കിൽ ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ തിരൂർ താലൂക്കിലെ 30 ട്രാൻസ്ജെൻഡറുകളുടെ ഹോർമോൺ പരിശോധനക്ക് വിധേയരായിട്ടുണ്ട്. ഇന്നത്തെ ഉദ്ഘാടനച്ചടങ്ങിനുശേഷം ഈ ലാബ് റിസൾട്ടുകൾ ഡോക്ടർമാർ പരിശോധിക്കുകയും ഇവർക്ക് ആവശ്യമായ മരുന്നുകൾ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. തുടർന്ന് ജില്ലാ പഞ്ചായത്ത് നേരിട്ട് ആശുപത്രിയിൽ തന്നെ ടെസ്റ്റിനുള്ള സ്ഥിരം സംവിധാനമൊരുക്കും.
മലപ്പുറം ജില്ലയിലുള്ളവർക്ക് പുറമെ മറ്റു ജില്ലകളിൽ നിന്നുള്ളവർക്കും ഇവിടെ ചികിത്സ തേടാവുന്നതാണ്. എന്നാൽ, പരിശോധനക്കെത്തുന്നവർ തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ നിർബന്ധമായും കരുതണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.