ചോക്കാട് ചിങ്കക്കല്ല് നഗറിലെ രഞ്ജുഷയും കുഞ്ഞും പ്ലാസ്റ്റിക് കൂരക്ക് മുന്നിൽ
കാളികാവ്: ചോക്കാട് ചിങ്കക്കല്ല് നഗറിലെ ആദിവാസി കുടുംബം കഴിയുന്നത് ചെറിയ പ്ലാസ്റ്റിക് കൂരക്കുള്ളിൽ. ലൈഫ് ഭവനപദ്ധതിയിൽ വീടുകൾക്ക് ഫണ്ട് അനുവദിക്കാൻ വൈകുന്നത് ഭവന പദ്ധതികളെ ബാധിച്ചതിനിടയിലാണ് ചിങ്കക്കല്ല് നഗറിലെ രാഗേഷും ഭാര്യ രഞ്ജുഷയും കുഞ്ഞും പ്ലാസ്റ്റിക് ഷെഡിൽ ഞെരുങ്ങി ജീവിതം തള്ളിനീക്കുന്നത്.
ഇവർക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. നേരത്തെ ബന്ധുവീടുകളിൽ കഴിഞ്ഞിരുന്ന ഇവർ അടുത്ത കാലത്താണ് മാറിതാമസിച്ചത്. ഒന്ന് നിവർന്ന് നിൽക്കാൻ പോലും കഴിയാത്ത ഷെഡിലാണ് ഇവരുടെ ഊണും ഉറക്കവുമെല്ലാം. വനത്തിന്റെ നടുവിലാണ് ചിങ്കക്കല്ല് ആദിവാസികളുടെ വീടുകളുള്ളത്. രണ്ടോ മൂന്നോ വീടൊഴിച്ച് മറ്റുള്ള വീടുകളും സുരക്ഷിതമല്ല.
തകർച്ച നേരിട്ട് അപകട ഭീഷണിയിലായതിനാൽ ആദിവാസി വയോധിക സരോജിനിയും വർഷങ്ങളായി വനമധ്യത്തിൽ ഷെഡിൽ തന്നെയാണ് കഴിയുന്നത്. നേരം ഇരുട്ടിയാൽ ആനയും കടുവയും പുലിയും സ്വൈരവിഹാരം നടത്തുന്ന ഇവിടെ ഇരുട്ടായാൽ ആരും പുറത്തിറങ്ങാറില്ല. തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ല. ചോക്കാട് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ വീടിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.