തിരൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി സ്കൂളുകളിൽ സ്ഥാപിച്ച ഐ.സി.ടി ഉപകരണങ്ങളിൽ ഭൂരിഭാഗവും തകരാറിലാവുകയും കാലഹരണപ്പെടുകയും ചെയ്തതോടെ ഡിജിറ്റൽ അധ്യയനം പ്രതിസന്ധിയിലായി. പ്രൊജക്ടറുകളും ലാപ്ടോപ്പുകളും പ്രവർത്തനരഹിതമായതോടെ മാറിയ പാഠ്യപദ്ധതിക്കനുസരിച്ചുള്ള പഠനം പല സ്കൂളുകളിലും കാര്യക്ഷമമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ അധ്യയനവർഷം വരെ ഐ.സി.ടി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കരാർ സംവിധാനം നിലവിലുണ്ടായിരുന്നെങ്കിലും അതവസാനിച്ചതിനാൽ തകരാറിലായ ഉപകരണങ്ങൾ മാസങ്ങളായി ഉപയോഗിക്കാനാകാതെ കിടക്കുകയാണ്.
സ്കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല. ഹയർസെക്കൻഡറി വിദ്യാർഥികളിൽനിന്ന് വർഷം തോറും ഈടാക്കുന്ന സ്പെഷൽ ഫീസിലെ പി.ഡി അക്കൗണ്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന തുകയിൽനിന്ന് വിഹിതം വിനിയോഗിക്കാൻ സർക്കാർ അനുമതി നൽകിയാൽ പ്രൊജക്ടറുകൾ, ലാപ്ടോപ്പുകൾ, മൈക്രോസ്കോപ് ഉൾപ്പെടെയുള്ള ലബോറട്ടറി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്ന് അധ്യാപകർ പറയുന്നു. ഇതിനായി സർക്കാർ അടിയന്തര ഉത്തരവിറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അറ്റകുറ്റപ്പണിക്കും മൈക്രോസ്കോപ് ഉൾപ്പെടെയുള്ള ലബോറട്ടറി ഉപകരണങ്ങളുടെ നവീകരണത്തിനുമായി വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന സ്പെഷൽ ഫീസിലെ പി.ഡി അക്കൗണ്ട് വിഹിതത്തിൽനിന്ന് തുക വിനിയോഗിക്കാൻ അനുമതി നൽകണമെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ യു.ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ടി. മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ജോസ്, ജില്ല സെക്രട്ടറി ഷറീന, ജില്ല ട്രഷറർ ഉണ്ണികൃഷ്ണൻ, വി.കെ. രഞ്ജിത്, പി. ഇഫ്തികാറുദ്ദീൻ, ഡോ. പ്രദീപ് കുമാർ, എ.സി. പ്രവീൺ, ഡോ. അജിത്കുമാർ, കെ. ശ്യാം, അജാസ്, ത്വയ്യിബ്, രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.