പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണ ബൈപാസ് ജങ്ഷൻ മുതൽ അങ്ങാടിപ്പുറം വരെയുള്ള ഭാഗത്തും അങ്ങാടിപ്പുറം ടൗണിലും ഡിവൈഡറുകൾ സ്ഥാപിച്ച ഭാഗങ്ങളിൽ നിയമലംഘനം പതിവാകുന്നു. വൺവേ സംവിധാനമുണ്ടെങ്കിലും പലപ്പോഴും സ്വകാര്യ ബസുകൾ ഇത് ലംഘിക്കുകയാണ്.
ദേശീയപാതയിൽ രണ്ട് വരിയായി കിടക്കുന്ന ഭാഗത്ത് മിക്കപ്പോഴും അങ്ങാടിപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ റോഡിൽ ഏറെനേരം നിശ്ചലമായി കിടക്കുന്ന സ്ഥിതിയാണ്. മേൽപാലത്തിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ ഭാഗത്ത് വരുന്ന കുരുക്കാണ് കാരണം. മേൽപാലം കഴിഞ്ഞ് അങ്ങാടിപ്പുറം ടൗണിലും ഇതാണ് സ്ഥിതി.
പാലത്തിലേക്ക് കയറാനുള്ള നിര തിരക്കിലമരും. അതേസമയം, മേൽപാലം ഇറങ്ങി കടന്നുപോകുന്ന വാഹനങ്ങളുള്ള നിരയിൽ ആ തിരക്കുണ്ടാവില്ല. സ്വകാര്യ ബസുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ സർവിസ് നടത്തുന്നതിനാൽ ഗതാഗതക്കുരുക്കിൽ ട്രിപ്പുകൾ റദ്ദാക്കേണ്ടിവരുന്നുണ്ട്. അതൊഴിവാക്കാൻ ട്രാക്ക് മാറ്റി വൺവേ സംവിധാനം ലംഘിച്ച് പോവാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാവും.
ഡിവൈഡറുകളായി നേരത്തേ സ്ഥാപിച്ചിരുന്ന ഭിത്തി റോഡ് ഉയർത്തിയതോടെ മിക്കയിടത്തും ഇല്ലാതായിട്ടുണ്ട്. ഇതിനാൽ മറുഭാഗത്തേക്ക് കടക്കാൻ പ്രയാസമില്ല. എന്നാൽ, എതിരെ വാഹനങ്ങൾ വരില്ലെന്ന വിശ്വാസത്തിൽ വൺവേ പാതയിൽ പോകുന്നവർ ഇതറിയില്ല. പൊലീസ് ഇക്കാര്യത്തിൽ ഇടപെട്ട് കർശന നിർദേശം നൽകിയതാണ്. എങ്കിലും ചില ബസുകൾ വൺവേ സംവിധാനം തെറ്റിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.