പൊന്നാനി: രണ്ടു ദിവസമായി ആരംഭിച്ച കടലാക്രമണം പൊന്നാനി താലൂക്കിൽ രൂക്ഷമായി. പൊന്നാനി അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാർ പള്ളി, എം.ഇ.എസിനു പിറകുവശം, മുറിഞ്ഞഴി, പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ എന്നിവിടങ്ങളിൽ കടൽ ആഞ്ഞടിക്കുകയാണ്.
മുറിഞ്ഞഴി മേഖലയിലാണ് കടലാക്രമണം ഭീതി വിതക്കുന്നത്. കൂടാതെ, തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്. നാലു വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. അതിശക്തമായ തിരമാലകളിൽ കടൽവെള്ളം നൂറോളം വീടുകളിലേക്ക് കയറി. ഈ മേഖലയിൽ മിക്ക വീടുകളും അമ്പത് മീറ്ററിനകത്താണ് സ്ഥിതിചെയ്യുന്നത്. വേലിയേറ്റ സമയമായ ഉച്ചമുതൽ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
കടൽഭിത്തികൾ പൂർണമായും ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകൾ നേരിട്ട് വീടുകളിലേക്കെത്തുന്നത്. തിരമാലകൾക്കൊപ്പമെത്തുന്ന മണൽ വീടുകൾക്കകത്തേക്ക് അടിച്ചുകയറുന്നുമുണ്ട്. ഉപ്പുവെള്ളം കലർന്നതിനാൽ കിണറുകളിൽനിന്ന് അത്യാവശ്യങ്ങൾക്കുപോലും വെള്ളം എടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് വീട്ടുകാർ. കടലാക്രമണം രൂക്ഷമായതോടെ നിരവധി വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. കടലാക്രമണ സമയത്തു മാത്രം എത്തുന്ന അധികൃതർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് കടലോരവാസികളുടെ ആവശ്യം. മുറിഞ്ഞഴി മേഖലക്ക് വെളിയങ്കോട് ഭാഗത്തെ വീടുകളും കടലാക്രമണ ഭീഷണി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.