കോട്ടപ്പുഴ, ചിങ്കക്കല്ല് പുഴ
അപകടക്കെണിയൊരുക്കി മലയോരത്തെ കാട്ടാറുകൾ
കാളികാവ്: സമൂഹമാധ്യമങ്ങളിലൂടേയും റീലുകളിലൂടെയും തരംഗമായ കോട്ടപ്പുഴയുടെയും ചിങ്കക്കല്ല് പുഴയുടെയും തീരങ്ങൾ ഇപ്പോൾ സഞ്ചാരികളെക്കൊണ്ട് സജീവമാണ്.
പ്രദേശത്തെ ടി.കെ കോളനി, കല്ലാമൂല ചിങ്കക്കല്ല് പുഴയോരം എന്നിവ പ്രകൃതിഭംഗി കൊണ്ടും ആകർഷകമായ കാഴ്ചകൾകൊണ്ടും വേനലിലും മൺസൂണിലും ഒരുപോലെ ആസ്വദിക്കാൻ ആളുകളെത്തിച്ചേരുന്ന പ്രധാന ഇടങ്ങളായി മാറിയിരിക്കുന്നു.
പുഴക്കു കുറുകെയുള്ള തടയണയും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ചെറിയ ചാലും ചേർന്നൊരുക്കുന്ന മനോഹരമായ കാഴ്ചയാണ് അവധിദിനങ്ങളിൽ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ചെറുതോടിലൂടെ വാട്ടർ സ്ലൈഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വെള്ളമൊഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പുഴയോരങ്ങളിലെ പ്രദേശങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചത്.
കോട്ടപ്പുഴയിലെ തെളിനീരൊഴുകുന്ന പാറക്കെട്ടുകളും തടയണ ഭിത്തിയിലും സമീപത്തെ പാറക്കൂട്ടങ്ങളിലും പ്രാദേശിക കലാകാരന്മാർ വരച്ചുചേർത്ത വന്യമൃഗങ്ങളുടെ ചിത്രങ്ങളും സഞ്ചാരികൾക്ക് വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കുന്നുണ്ട്. ചിങ്കക്കല്ല് പുഴയിലേ മനോഹര കാഴ്ചകളാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു
എന്നാൽ, ഇവയൊന്നും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളല്ലാത്തതിനാൽ ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങളോ ലൈഫ് ഗാർഡുകളുടെ സേവനമോ ലഭ്യമല്ലെന്നത് വലിയ ആശങ്ക ഉയർത്തുന്നു.
കാടുകളാലും മലനിരകളാലും ചുറ്റപ്പെട്ട ഈ വനമേഖലയിൽ മഴ ശക്തമാകുമ്പോൾ ചിങ്കക്കല്ല് പുഴയിലും കോട്ടപ്പുഴയിലും പെട്ടെന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലും പുഴയിലെ വഴക്കലുള്ള വഴുക്കൻ പാറക്കെട്ടുകളും വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും പ്രദേശവാസികളും അധികൃതരും ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.