ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; ഓടിത്തളർന്ന് ഹൈവേ പൊലീസ്
പൊന്നാനി: ദേശീയ, സംസ്ഥാന ഹൈവേകളിലെ കുറ്റകൃത്യങ്ങൾ തടയാനും അപകടങ്ങളിൽപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കാനുമായി സംസ്ഥാനത്ത് ആരംഭിച്ച ഹൈവേ പൊലീസ് സംവിധാനം ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ കാര്യക്ഷമത നഷ്ടപ്പെടുന്നതായി ആക്ഷേപം. ഹൈവേ പൊലീസ് വിഭാഗത്തിലേക്ക് പ്രത്യേകമായി ഉദ്യോഗസ്ഥരെ നിയമിക്കുകയോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പ്രത്യേക വിങ് രൂപവത്കരിക്കുകയോ ചെയ്യാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് ഉയരുന്ന ആരോപണം.
2005ലാണ് സംസ്ഥാനത്ത് ഹൈവേ പൊലീസ് സംവിധാനം ആരംഭിച്ചത്. ദേശീയപാതകളിലും സംസ്ഥാനപാതകളിലും നിരീക്ഷണം ശക്തമാക്കുക, അപകടങ്ങൾ സംഭവിച്ചാൽ സംഭവ സ്ഥലത്ത് ഉടൻ എത്തുക, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുക, ഹൈവേ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുക തുടങ്ങിയവയാണ് ഹൈവേ പൊലീസിന്റെ പ്രധാന ചുമതലകൾ. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും സംവിധാനത്തിന് ആവശ്യമായ സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതിലും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നതിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് പരാതി.
സംസ്ഥാനത്തെ ഓരോ ജില്ലയിലും നാല് വീതം സംഘങ്ങളാണ് ഹൈവേ പട്രോളിങ്ങിനായി പ്രവർത്തിക്കുന്നത്. എന്നാൽ, നിലവിലുള്ള പൊലീസ് സേനയിൽനിന്ന് വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയാണ് പല സ്ഥലങ്ങളിലും ഹൈവേ പൊലീസ് സംഘങ്ങളുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. ഇതോടെ പൊലീസ് സ്റ്റേഷനുകളിലെ നിലവിലെ സേനാബലത്തിലും കുറവുണ്ടാകുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഹൈവേ പൊലീസ് രൂപവത്കരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഡ്രൈവർ തസ്തികയിൽ മാത്രമാണ് സ്ഥിരമായി ഉദ്യോഗസ്ഥരെ ലഭിക്കുന്നതെന്നതാണ് പ്രധാന പരാതി. മറ്റ് തസ്തികകളിൽ സ്ഥിരം നിയമനം നടക്കാത്തതിനാൽ പലപ്പോഴും വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ഹൈവേ പട്രോളിങ് നടത്തുന്നത്. ഇതോടെ ഹൈവേ പൊലീസ് സംവിധാനത്തിനും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾക്കും ഒരുപോലെ അധിക ജോലിഭാരം ഉണ്ടാകുന്ന സ്ഥിതിയാണുള്ളത്.
കിലോമീറ്ററുകൾ നീളുന്ന പ്രവർത്തന പരിധിയുള്ള മലപ്പുറം പോലുള്ള വലിയ ജില്ലകളിലാണ് പ്രശ്നം കൂടുതൽ രൂക്ഷം. അപകടങ്ങളിൽ പരിക്കേറ്റവരെ സമയബന്ധിതമായി ആശുപത്രിയിലെത്തിക്കുന്നതിലും അപകടസ്ഥലത്ത് ആവശ്യമായ പ്രാഥമിക ഇടപെടലുകൾ നടത്തുന്നതിലും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
അതേസമയം ഹൈവേയിൽ മോഷണം, വാഹനമോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നാൽ പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിലും പരിമിതികളുണ്ട്. ഹൈവേ പൊലീസ് സംവിധാനത്തിലേക്ക് നിലവിലുള്ള പൊലീസ് സ്റ്റേഷനുകളിൽനിന്ന് ഉദ്യോഗസ്ഥരെ മാറ്റിനിയോഗിക്കുന്നത് സ്റ്റേഷനുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നതായി പരാതിയുണ്ട്.
ഹൈവേ പൊലീസിന് കൂടുതൽ വാഹനങ്ങളും സ്ഥിരം ഉദ്യോഗസ്ഥരും ആധുനിക ആശയവിനിമയ സംവിധാനങ്ങളും ആവശ്യമായ തോതിൽ ലഭ്യമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പട്രോളിങ് മേഖലകൾ ചെറുതാക്കുകയും ഓരോ മേഖലയിലും ആവശ്യമായ സേനയെ നിയോഗിക്കുകയും ചെയ്താൽ മാത്രമേ അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാൻ കഴിയൂവെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.