പെരിന്തൽമണ്ണ തൂതയിലെ വിവാഹ വസ്ത്ര കേന്ദ്രത്തിൽ നാസർ തൂത
'കാശില്ലാത്തവരുടെ കല്ല്യാണം കളറാക്കി നാസർ'; പുതുമണം മാറാത്ത വിവാഹ വസ്ത്രങ്ങൾ സഹായമായത് 1400ലധികം നിർധന യുവതികൾക്ക്
പെരിന്തൽമണ്ണ: ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വിവാഹ വസ്ത്രങ്ങൾ ഇവിടെ പണമില്ലാത്ത നിരവധി പേരുടെ മാംഗല്യ സ്വപ്നം കളാറുക്കുന്നു. ഏഴാം വർഷത്തിലേക്ക് കടന്ന നാസർ തൂത ഡ്രസ് ബാങ്കാണ് നൂറുകണക്കിന് പെൺകുട്ടികൾക്ക് വിവാഹ ദിന വസ്ത്രങ്ങൾ നൽകുന്നത്. ജാതി-മത ഭേദമന്യേ കേരളത്തിനകത്തും പുറത്തുമായി 1400ലധികം നിർധന യുവതികൾക്ക് വിവാഹവേളയിൽ അണിയാനുള്ള വസ്ത്രങ്ങൾ സൗജന്യമായി ഈ സംരംഭം വഴി നൽകി.
ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ നാസറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡ്രസ് ബാങ്കിൽ ആവശ്യക്കാർക്ക് വിവാഹ വസ്ത്രങ്ങൾ സൗജന്യമായി തിരഞ്ഞെടുക്കാം. ഉപയോഗശേഷം വസ്ത്രങ്ങൾ തിരിച്ചുനൽകണമെന്ന നിർബന്ധമില്ല. എന്നാൽ, മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെയെന്ന ഉദ്ദേശത്തോടെ പലരും വസ്ത്രങ്ങൾ തിരികെ നൽകാറുണ്ട്. ഇവിടെ ഉള്ളതെല്ലാം ആരോ ഒരു തവണ ഉപയോഗിച്ചവയാണ്. സുമനസ്സുകൾ സംഭാവന ചെയ്യുന്ന വില കൂടിയ പുതുവസ്ത്രങ്ങളുമുണ്ട്.
വിവാഹ വസ്ത്രങ്ങൾ നൽകുന്നതിന് പുറമെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. തെരുവുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും അശരണരായി കഴിയുന്നവരെ കണ്ടെത്തി കുളിപ്പിച്ച് ശുചീകരണം നടത്തി ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങിയ സഹായങ്ങൾ നൽകുകയും ആവശ്യമായവരെ പൊലീസിന്റെ സഹായത്തോടെ അഭയകേന്ദ്രങ്ങളിലേക്കും പുനരധിവാസ കേന്ദ്രങ്ങളിലേക്കും എത്തിക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിൽ ആരെയെങ്കിലും കണ്ടാൽ ആദ്യ വിളി വരിക നാസറിനാണ്. രോഗികൾക്കാവശ്യമായ വീൽചെയർ, കട്ടിൽ, വാട്ടർ ബെഡ്, എയർ ബെഡ്, വാക്കിങ് സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന ‘സുകൃതം’ പദ്ധതിക്കും നാസർ തൂത നേതൃത്വം നൽകുന്നു. 2019ൽ സ്വന്തം വീട്ടിൽ ചെറിയ രീതിയിൽ ആരംഭിച്ച ഡ്രസ് ബാങ്ക് പിന്നീട് തൂത ഹൈസ്കൂൾ പടിയിലെ കൊരമ്പി ടവറിലേക്ക് മാറ്റുകയായിരുന്നുവെന്ന് നാസർ പറഞ്ഞു. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി സുമനസ്സുകൾ വിവാഹ വസ്ത്രങ്ങൾ സംഭാവന ചെയ്യുന്നുമുണ്ട്.
ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വസ്ത്രങ്ങൾ എത്തുന്നുണ്ട്. നിർധന യുവതികളുടെ വിവാഹ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുന്ന ഈ സംരംഭത്തിന് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പിന്തുണയുമുണ്ട്. പ്രമുഖരായ പലരും ഡ്രസ് ബാങ്ക് സന്ദർശിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏറെ വിലപിടിച്ചതാണ് പുതിയ ട്രെൻഡ് വിവാഹ വസ്ത്രങ്ങൾ. ആവശ്യമുള്ളവർക്ക് വിളിച്ചാൽ ഏത് തരത്തിൽ വേണ്ട വസ്ത്രവും ഇവിടെ നിന്ന് സൗജന്യമായി തെരഞ്ഞെടുക്കാം. ഫോൺ. 97473 38823
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.