ക്രിമിനൽ കേസുകളിലെ പ്രതികൾക്കും സർക്കാർ അഭിഭാഷകർ

മഞ്ചേരി: ക്രിമിനൽ കേസുകളിലെ പ്രതികൾക്കും സർക്കാർ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുന്ന പദ്ധതിക്ക് ചൊവ്വാഴ്ച ജില്ലയിൽ തുടക്കം.പണമില്ലാത്തതിനാൽ ഒരാൾക്കുപോലും രാജ്യത്ത് നീതി നിഷേധിക്കപ്പെടരുത് എന്നതിന് ഊന്നൽ നൽകി ദേശീയ നിയമസേവന അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

എല്ലാ ജില്ലകളിലും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർ, സ്ത്രീകൾ, കുട്ടികൾ, വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയുള്ളവർ എന്നിവർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കേരള നിയമസേവന അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ല നിയമസേവന അതോറിറ്റി മഞ്ചേരി ജില്ല കോടതി സമുച്ചയത്തിൽ ഇതിനായി ‘ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം’ ഏർപ്പെടുത്തി.

ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി കെ. നൗഷാദലിയുടെ നേതൃത്വത്തിൽ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ചീഫായി അഡ്വ. കെ.സി. മുഹമ്മദ് അഷ്റഫ്, ഡിഫൻസ് കൗൺസിൽ ഡെപ്യൂട്ടർമാരായി അഡ്വ. ഫാസില പാലോളി, അഡ്വ. എൻ. സുജ, ഡിഫൻസ് കൗൺസിൽ അസിസ്റ്റന്റുമാരായി അഡ്വ. പി. അഖില, അഡ്വ. സൽമാൻ പള്ളിക്കാടൻ, അഡ്വ. ടോമി സെബാസ്റ്റ്യൻ എന്നിവരെ നിയമിച്ചു.

രാവിലെ 9.30ന് കേരള ഹൈകോടതി ജഡ്ജി കെ. വിനോദ്ചന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. ജില്ല പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജും ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനുമായ എസ്. മുരളീകൃഷ്ണ അധ്യക്ഷത വഹിക്കും.

സബ് ജഡ്ജി കെ. നൗഷാദലി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.എം. അഷ്റഫ്, മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ. സി. ശ്രീധരൻനായർ, ഗവ. പ്ലീഡറും ജില്ല പ്രോസിക്യൂട്ടറുമായ അഡ്വ. കെ.ടി. ഗംഗാധരൻ, കേരള ബാർ കൗൺസിൽ അംഗം അഡ്വ. പി.സി. മൊയ്തീൻ, ജില്ല ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.കെ. മുഹമ്മദ് അക്ബർകോയ എന്നിവർ സംബന്ധിക്കും.

Tags:    
News Summary - Government lawyers for defendants in criminal cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.