മലപ്പുറം: സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്ത നവകേരളം ജില്ലയിൽ തീവ്രയജ്ഞ പരിപാടികൾ സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്താൻ സാധിക്കുന്ന വിധത്തിൽ ജില്ലയിലെ മഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്കരണ, ശുചിത്വ പ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പൽ അധ്യക്ഷരുടേയും സെക്രട്ടറിമാരുടേയും യോഗം തീരുമാനിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ പ്രീതി മേനോൻ സർക്കാർ നിർദേശങ്ങൾ വിശദീകരിച്ചു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജനകീയ ശുചീകരണ പ്രവർത്തനങ്ങളും കാമ്പയിൻ പരിപാടികളും നടത്തും. ഹരിത കർമസേനക്ക് യൂസർ ഫീ നൽകാൻ ജനങ്ങളെ ബോധവത്കരിക്കാനും എം.സി.എഫ് വിപുലീകരികാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.
കാമ്പയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം ഗ്രാമ/വാർഡ് സഭകൾ ചേരും.
നബിദിനാഘോഷങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും ഹരിത ചട്ടപ്രകാരം നടത്തണമെന്നും യോഗം നിർദേശിച്ചു. മികച്ച പ്രവർത്തനങ്ങൾ നടത്തിയ പെരിന്തൽമണ്ണ നഗരസഭ, ഒതുക്കുങ്ങൽ, വെട്ടത്തൂർ ഗ്രാമപഞ്ചായത്തുകളെ യോഗത്തിൽ അനുമോദിച്ചു. ജില്ല നോഡൽ ഓഫിസർ പി.ബി. ഷാജു, ശുചിത്വ മിഷൻ കോഓഡിനേറ്റർ ബൈജു, കെ.എസ്. ഡബ്ല്യൂ.എം.പി കോഓഡിനേറ്റർ ഫിലിപ്, ‘കില’ പ്രതിനിധി ശ്രീധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.