ചോക്കാട് വിത്തുൽപാദന കേന്ദ്രത്തിന് സമീപത്തെ ചെണ്ടുമല്ലി
കാളികാവ്: മലയോര ഹൈവേയോടൊപ്പം ചോക്കാട് വിത്തുൽപാദന കേന്ദ്രത്തെ ഉപയോഗപ്പെടുത്തി സായാഹ്ന ടൂറിസം സ്പോട്ട് ഒരുക്കണമെന്ന ആവശ്യമുയരുന്നു. നയന മനോഹരമായ നെൽപാടങ്ങളും പശ്ചിമഘട്ടവും ചോക്കാടൻ പുഴയും എല്ലാം മനം കുളിർക്കുന്ന കാഴ്ചയാണ്. മലയോര ഹൈവേ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
നിലമ്പൂർ തേക്ക് മ്യൂസിയം, ഊട്ടി, മൈസൂർ, ബാംഗ്ലൂർ, വയനാട് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവരുടെ പ്രധാനപ്പെട്ട പാതയാണ് മലയോര ഹൈവേ. ചോക്കാട് അങ്ങാടിക്ക് സമീപമുള്ള വിശാലമായി കിടക്കുന്ന വിത്തുൽപാദന കേന്ദ്രവും കിഴക്ക് പശ്ചിമഘട്ടവും ചോക്കാടൻ പുഴയും എല്ലാം ഒത്തിണങ്ങിയ പ്രദേശമാണ് ഇവിടം. മനംകുളിരെ കാണാനും അൽപനേരം വിശ്രമിക്കാനും മറ്റും എത്തുന്നവർക്കായി തദ്ദേശസ്ഥാപനങ്ങളും വ്യാപാരികളും ഒത്തൊരുമിച്ചാൽ വിശ്രമകേന്ദ്രമായും മിനി ടൂറിസം മേഖലയായും വളർത്തിയെടുക്കാൻ കഴിയും. ടി.കെ കോളനിയും കൊട്ടൻ ചോക്കാടൻ മലവാരവും ചിങ്കകല്ലും എല്ലാം ചോക്കാടിന്റെ സമീപപ്രദേശങ്ങളാണ്.
അനൗദ്യോഗിക ടൂറിസം കേന്ദ്രങ്ങളാണ് ഇവയെല്ലാം. ഇതും കൂടി പ്രയോജനപ്പെടുത്തി ഔദ്യോഗിക ടൂറിസം കേന്ദ്രമാക്കുകയും ചോക്കാട് അങ്ങാടിയോട് ചേർന്ന് ഉൽപാദന കേന്ദ്രത്തിന് സമീപത്തെ റോഡിനോട് ചേർന്ന് വിശ്രമിക്കാനുള്ള കേന്ദ്രങ്ങൾ ആക്കിയാൽ ചോക്കാടിലെ വ്യാപാര മേഖലക്കും ഒരു വലിയ കൈത്താങ്ങായി മാറും. വിത്തുൽപാദന കേന്ദ്രത്തിലെ നെൽപാടങ്ങളും ചെണ്ടുമല്ലി പൂക്കളും യാത്രക്കാരുടെ മനം കവരുന്ന കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.