റിബിൻ
അബ്ദുല്ല
തിരൂർ: ഡൽഹിയിൽ നടക്കുന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രൈം മിനിസ്റ്റർ റാലിയുടെ സതേൺ കന്റീൻജന്റിനെ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ് എൻ.സി.സി യൂനിറ്റ് അണ്ടർ ഓഫിസർ റിബിൻ അബ്ദുല്ല നയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയിൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവ ഉൾക്കൊള്ളുന്ന ദക്ഷിണേന്ത്യൻ എൻ.സി.സി കന്റീൻജന്റിന്റെ പരേഡ് കമാന്ററായി ടീമിനെ നയിക്കാനുള്ള അപൂർവ ഭാഗ്യമാണ് റിബിൻ അബ്ദുല്ലക്ക് ലഭിച്ചത്.
ഡൽഹിയിലെ ഫീൽഡ് മാർഷൽ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി സല്യൂട്ട് സ്വീകരിക്കുന്നത്. കേരള ആൻഡ് ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന് കീഴിലാണ് സംസ്ഥാനത്ത് നിന്നുള്ള കാഡറ്റുകൾ പരേഡിൽ അണിനിരക്കുക.
29 കേരള എൻ.സി.സി ബറ്റാലിയൻ മലപ്പുറത്തിന് കീഴിൽ വരുന്ന നാലായിരത്തിൽപരം കാഡറ്റുകളിൽനിന്ന് പരേഡിന് അവസരം ലഭിക്കുന്ന ഏക കേഡറ്റാണ് റിബിൻ. തിരൂർ തുഞ്ചൻ ഗവ. കോളേജ് മൂന്നാം വർഷ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർഥിയായ റിബിൻ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. കോളജ് റഗ്ബി ടീം അംഗം കൂടിയാണ്.
പിതാവ് ഷരീഫ് പറപ്പൂർ ഐ.യു.എച്ച്.എസിൽ അധ്യാപകനും മാതാവ് അസ്മാബി ജി.എച്ച്.എസ്.എസ് കൊക്കലൂരിലെ അധ്യാപികയുമാണ്. അഖില ശരീഫാണ് ഏക സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.