വഴിക്കടവ് നെല്ലിക്കുത്ത് വനത്തിൽ കണ്ടെത്തിയ കൊമ്പന്റെ ജീർണിച്ച ജഡാവശിഷ്ടം
നിലമ്പൂർ: വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് റിസർവ് വനത്തിൽ കാട്ടാനയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തി. ഏകദേശം രണ്ട് മാസത്തോളം പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. ചരിഞ്ഞ കൊമ്പന്റെ കൊമ്പുകൾ കാണാനില്ല. ജനവാസ കേന്ദ്രമായ പൂവ്വത്തിപ്പൊയിൽ ഡീസന്റ് കുന്ന് ഭാഗത്തുനിന്നും 200 മീറ്റർ അകലെ വനത്തിലാണ് ജഡത്തിന്റെ അവശിഷ്ടഭാഗങ്ങൾ.
നെല്ലിക്കുത്ത് വനം ഔട്ട്പോസ്റ്റിന് മുക്കാൽ കിലോമീറ്റർ ദൂരത്തിൽ വലിയപാടത്തിന് സമീപമാണിത്. നാട്ടുകാരാണ് ജഡം കണ്ടകാര്യം വനപാലകരെ അറിയിച്ചത്. ഔട്ട് പോസ്റ്റിനോട് ചേർന്ന് ആന ചരിഞ്ഞത് രണ്ട് മാസത്തോളമായിട്ടും വനപാലകർക്ക് കണ്ടെത്താൻ കഴിയാതിരുന്നത് ബീറ്റ് പരിശോധന നടക്കുന്നില്ലെന്നതിന് തെളിവാണ്. ആനയുടെ ശരീരഭാഗങ്ങൾ ചൊവാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ആന ചരിയാനുള്ള കാരണം കണ്ടെത്താനായിട്ടില്ല. വനം വിജിലൻസ് വിഭാഗം സ്ഥലം സന്ദർശിച്ചു. കൊമ്പുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ചരിഞ്ഞ ആനയുടെ ജീർണിച്ച ജഡത്തിൽ നിന്നും കൊമ്പുകൾ ഊരിയെടുത്തതാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. കൊമ്പുകൾ വെട്ടിയെടുത്ത പാടുകൾ തലയോടിയുടെ ഭാഗത്ത് നിന്നോ മറ്റോ കണ്ടെത്താനായിട്ടില്ലെന്ന് പറയുന്നു. വനം ഔട്ട് പോസ്റ്റിന് ചേർന്ന് ആനയുടെ ജഡം കിടന്നിട്ടും കണ്ടെത്താൻ കഴിയാതിരുന്നത് വനപാലകരുടെ വലിയ വീഴ്ചയായാണ് കാണുന്നത്. ഇവിടെയുള്ള വനം ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലമാറ്റത്തിന് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.