മുഖ്യമന്ത്രിയായിരിക്കെ തിരൂരിലെത്തിയ ഉമ്മൻ ചാണ്ടിക്ക്
സി.വി. വേലായുധൻ ഹാരാർപ്പണം നടത്തുന്നു
തിരൂർ: തന്റെ പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ആവശ്യമനുസരിച്ച് തനിക്ക് ലഭിച്ച സംസ്ഥാന കമ്മിറ്റി അംഗ പദവി രാജിവെച്ച് മറ്റൊരാൾക്ക് നൽകിയ ഓർമയിൽ തിരൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. വേലായുധൻ. ഉമ്മൻ ചാണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോഴാണിത്. മലപ്പുറം ജില്ലയിൽനിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ സി.വി. വേലായുധനടക്കം രണ്ടുപേർ മാത്രം. ആ ഇടക്കാണ് പാർട്ടിയുടെ പ്രധാന പ്രഭാഷകരിലൊരാളായ എ.കെ. ശശീന്ദ്രനെ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യമുയർന്നത്. ഉമ്മൻ ചാണ്ടി തനിക്ക് ഏറെ വിശ്വസ്തനും പറഞ്ഞാൽ തർക്കമില്ലാതെ അനുസരിക്കുമെന്നുറപ്പുള്ളതുകൊണ്ടുമാവാം സി.വി. വേലായുധനോട് സംസ്ഥാന കമ്മിറ്റി അംഗ പദവി രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉമ്മൻ ചാണ്ടി തൊഴിൽ മന്ത്രിയായിരിക്കെ കൊടക്കൽ ഓട് ഫാക്ടറിയിലെ തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി മന്ത്രിയെ കണ്ടതും അത് പരിഹരിച്ച് തന്നതുമായ നേതാവുമൊത്തുള്ള നിറം മങ്ങാത്ത നിരവധി ഓർമകളുമായി വീട്ടിൽ വിശ്രമ ജീവിതത്തിലാണിപ്പോൾ 86 വയസ്സുള്ള സി.വി. തനിക്ക് നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെ വന്നതിൽ സങ്കടമുണ്ടെന്നും എങ്കിലും പ്രസാദം നിറഞ്ഞ പ്രസന്ന വദനം എന്നും തന്റെ മനസ്സിലുണ്ടെന്നും സി.വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.