ദേശീയപാതയിൽ പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ രൂപപ്പെട്ട വിള്ളൽ കെ.പി. നൗഷാദലി എം.എൽ.എ സന്ദർശിക്കുന്നു
പൊന്നാനി: ദേശീയപാത 66ലെ പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിലും സർവിസ് റോഡിന്റെ വശത്തും രൂപപ്പെട്ട വിള്ളലിൽ സുരക്ഷ പരിശോധന നടത്തുമെന്ന് ദേശീയപാത അധികൃതർ. ആശങ്കപ്പെടേണ്ടെ സാഹചര്യമില്ലെന്നും വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തിന്‍റെ ഭാഗമായി രൂപപ്പെടുന്ന വിള്ളലാണെന്നും ദേശീയപാത അധികൃതർ അറിയിച്ചു. ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിലും അതിന്റെ അരികു ഭിത്തിയിലും സർവിസ് റോഡിലും വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് കെ.പി. നൗഷാദലി എം.എൽ.എ സ്ഥലം സന്ദർശിച്ച് ആശങ്കകൾക്ക് പരിഹാരം ഉടൻ കാണാൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
റോഡിലെ വിള്ളൽ ചില ഭാഗങ്ങളിൽ ടാർ ഉപയോഗിച്ച് അടച്ചിട്ടുണ്ട്. പാലത്തിനടിയിലൂടെ മഴവെള്ളം ഒലിച്ചു പോകുന്നതിന് നിർമിച്ച കാന ഇളകിയ നിലയിലാണ്. ഇതു പൂർണമായി അടച്ച് മറ്റൊരു ഭാഗത്തേക്കു സ്ഥാപിക്കാനുള്ള ജോലി പുരോഗമിക്കുന്നു. സർവിസ് റോഡിന്റെ വശത്തുള്ള ഭിത്തിയിൽ കല്ലുകൾ പലയിടത്തും പൊട്ടിയിട്ടുണ്ട്. ഇതു പൊട്ടലല്ലെന്നും നിർമാണത്തിന്റെ ഭാഗമാണെന്നുമാണു കരാർ കമ്പനി അധികൃതരുടെ അവകാശവാദം. എന്നാൽ, ഒരുവശത്തെ സർവിസ് റോഡിനോടു ചേർന്ന ഭിത്തിയിൽ മാത്രമാണു വിള്ളൽ കാണുന്നത്.
സർവിസ് റോഡിനായി മണ്ണിട്ട് ഉയർത്തിയ ഭാഗത്തെ ഭിത്തിയിലാണു വിള്ളൽ. സർവിസ് റോഡിൽ വിള്ളലുണ്ടായെന്ന വാർത്തയെത്തുടർന്ന് പൊന്നാനി നഗരസഭ ചെയർപേഴ്സൻ സി.വി. സുധ, നഗരസഭ വൈസ് ചെയർപേഴ്സൻ സി.പി. സക്കീർ എന്നിവരും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.