മാറഞ്ചേരി: മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ കൂടിയാലോചന നടത്താതെ പെൻഷൻ വിതരണ തട്ടിപ്പിലെ ആരോപണ വിധേയനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതിൽ പ്രതിഷേധിച്ച് കൂട്ടരാജി. 15ഓളം ബ്ലോക്ക്, മണ്ഡലം ഭാരവാഹികളാണ് രാജിവെച്ചത്. ഗ്രൂപ് മാത്രം മാനദണ്ഡമാക്കി ആരോപണ വിധേയനെ മണ്ഡലം പ്രസിഡന്റായി യു.ഡി.എഫ് ജില്ല ചെയർമാൻ തന്നിഷ്ടപ്രകാരം നിയമിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ ഏഴ് ജനറൽ സെക്രട്ടറിമാർ, പൊന്നാനി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, പ്രവാസി നിയോജക മണ്ഡലം പ്രസിഡന്റ്, പ്രവാസി മാറഞ്ചേരി മണ്ഡലം പ്രസിഡന്റ്, മാറഞ്ചേരി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയാണ് രാജിവെച്ചത്. മണ്ഡലം കമ്മിറ്റിയിൽ ഒരു കൂടിയാലോചനയുമില്ലാതെ മേഖലയിലെ സംസ്ഥാന നേതാവിന്റെ തന്നിഷ്ടമാണ് പാർട്ടിയിൽ നടപ്പാക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
നിലവിലെ മണ്ഡലം പ്രസിഡന്റ് അവധിയിൽ പോയതിനെത്തുടർന്ന് കമ്മിറ്റി ചേരുകയോ ചർച്ച നടത്തുകയോ ചെയ്യാതെയാണ് സാമ്പത്തിക തട്ടിപ്പിലെ ആരോപണ വിധേയനെ പ്രസിഡന്റാക്കിയത്. മണ്ഡലം കമ്മിറ്റിയിൽ പോലും ഇല്ലാതിരുന്നയാളെയാണ് നേരത്തേ പ്രസിഡന്റായി നിയമിച്ചത്. ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനുൾപ്പെടെ പരാതി നൽകിയതിനെത്തുടർന്ന് കൂടിയാലോചനകൾ നടക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും, ഇക്കാര്യങ്ങളെല്ലാം ലംഘിച്ചാണ് പുതിയ പ്രസിഡന്റിനെ നിയമിച്ചതെന്നും ഇത് കോൺഗ്രസ് പ്രവർത്തകരെ വഞ്ചിക്കുന്ന നടപടിയാണെന്നും രാജിവെച്ച നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അഷ്റഫ് കരുവടിയിൽ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആസാദ് ഇളയേടത്ത്, മാറഞ്ചേരി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ആർ.വി. ബഷീർ, മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡന്റ് മജീദ് ഇല്ലത്തേൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.