മലപ്പുറം: ഫലസ്തീൻ ഐക്യദാർഢ്യ റാലിയുടെ പേരിൽ ‘എ’ വിഭാഗം നേതാക്കൾ അച്ചടക്ക നടപടിയുടെ വാൾമുനയിൽ നിൽക്കവേ, ജില്ലതല പര്യടനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മലപ്പുറത്തെത്തുന്നു. രാവിലെ പത്തിന് റോസ്ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന കോൺഗ്രസ് ജില്ല കൺവെൻഷനിൽ ഇരുവരും പങ്കെടുക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവർത്തനത്തിന് പൊതുരൂപം നൽകുകയാണ് പര്യടനത്തിന്റെ ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപവത്കരിക്കാനും വോട്ടർപട്ടിക സംബന്ധിച്ച പ്രവർത്തനങ്ങൾക്കുമാണ് പര്യടനത്തിലെ ആദ്യ ഊന്നൽ. വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിന്റെ രീതി നിശ്ചയിച്ച് നൽകുകയെന്നത് കൺവെൻഷനിലെ പ്രധാന അജണ്ടയാണ്. ഉച്ചതിരിഞ്ഞ് ബ്ലോക്ക് പ്രസിഡന്റുമാർ മുതൽ മുകളിലുള്ളവരുമായുള്ള കൂടിക്കാഴ്ചയാണ്. പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കുകയെന്ന സന്ദേശമാണ് കൂടിക്കാഴ്ചയിലൂടെ നൽകുക.
കീഴ്ത്തട്ടിലെ ഭാരവാഹികൾക്ക് സംസ്ഥാന നേതൃത്വവുമായി നേരിട്ട് ആശയവിനിമയത്തിന് അവസരം ലഭിക്കുന്നുവെന്നതാണ് കൺവെൻഷന്റെ പ്രത്യേകത. തെരഞ്ഞെടുപ്പ് രംഗത്ത് സംഘടന സംവിധാനം എങ്ങനെ ചലിപ്പിക്കണമെന്നതിനെക്കുറിച്ച് വി.ഡി. സതീശൻ വിശദീകരിക്കും. കേരളീയം എന്ന പേരിലുള്ള സർക്കാറിന്റെ പ്രചാരണം മറികടക്കുക കൂടിയാണ് പര്യടനത്തിന്റെ ലക്ഷ്യം. നിർദേശം പാലിച്ചോയെന്ന് പരിശോധിക്കാൻ 20ന് ശേഷം കെ. സുധാകരനും വി.ഡി. സതീശനും വീണ്ടും ജില്ലയിലെത്തും.
അതേസമയം, മണ്ഡലം പുനഃസംഘടനയിലൂടെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് പുതുജീവൻ നൽകാമെന്നായിരുന്നു കെ.പി.സി.സിയുടെ വിലയിരുത്തലെങ്കിലും മലപ്പുറത്ത് അത് നേർവിപരീത ഫലമാണ് ഉണ്ടാക്കിയത്. ബ്ലോക്ക് പ്രസിഡന്റ് നിയമനത്തെ ചൊല്ലിയായിരുന്നു ആദ്യ ഇടച്ചിൽ. കൂടാതെ യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞുള്ള മത്സരം നടന്നു. ഒടുവിൽ മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട തർക്കം ജില്ലയിൽ ഗ്രൂപ്പുകൾ തമ്മിലുള്ള തുറന്ന പോരായി മാറി.
തങ്ങളുടെ നോമിനികളെ എ.പി. അനിൽകുമാർ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും ചേർന്ന് വെട്ടിനിരത്തിയെന്നാണ് ‘എ’ ഗ്രൂപ്പിന്റെ ആരോപണം. പലയിടത്തും മണ്ഡലം പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രതിഷേധങ്ങൾ അരങ്ങേറി. ഗ്രൂപ്പിന്റെ ശക്തിപ്രകടനമെന്ന നിലക്കാണ് ‘എ’ വിഭാഗം ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഫലസ്തീൻ ഐക്യദാർഢ്യറാലി പ്രഖ്യാപിച്ചത്. കെ.പി.സി.സി വിലക്കിയിട്ടും ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചതാണ് പുതിയ വിവാദം. വിഷയം അച്ചടക്കസമിതിയുടെ പരിഗണനക്ക് വിട്ട കെ.പി.സി.സി നേതൃത്വം ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ ഒരാഴ്ചത്തേക്ക് വിലക്ക് കൽപ്പിച്ചു. ഇതിനാൽ, ചൊവ്വാഴ്ച നടക്കുന്ന ജില്ല കൺവെൻഷനിൽ ഷൗക്കത്തിന് പങ്കെടുക്കാൻ കഴിയില്ല.
ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാവാൻ സാധ്യതയേറെയാണ്. ഇതിനാൽ, ഇടഞ്ഞുനിൽക്കുന്ന ‘എ’ വിഭാഗം നേതാക്കൾ കൺവെൻഷനെ എങ്ങനെ സമീപിക്കുമെന്നത് കണ്ടറിയണം. പാർട്ടിക്ക് പുത്തനുണർവ് സൃഷ്ടിക്കാനാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജില്ല പര്യടനം നടത്തുന്നത്. എന്നാൽ, ജില്ലയിൽ പാർട്ടി രണ്ടു ചേരിയായി വേർപ്പെട്ടുനിൽക്കുകയാണ്. ഇരുപക്ഷത്തേയും കൂട്ടിയിണക്കി ലോക്സഭ തെരഞ്ഞെടുപ്പിന് കോൺഗ്രസിനെ ഒരുക്കുകയെന്ന ക്ലേശകരമായ ദൗത്യമാണ് ഇരുവർക്കും മുമ്പിലുള്ളത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മലപ്പുറത്തെ കോൺഗ്രസിലെ ചേരിപ്പോരിലുള്ള നീരസം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
മലപ്പുറം: ജില്ല കോൺഗ്രസ് നേതൃ കൺവെൻഷൻ ചൊവ്വാഴ്ച മലപ്പുറത്ത് നടക്കും. റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സജീവമാക്കാൻ ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ-മെമ്പർമാർ, ഡി.സി.സി ഭാരവാഹികൾ-മെമ്പർമാർ, ബ്ലോക്ക് പ്രസിഡന്റുമാർ-മുൻ പ്രസിഡന്റുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ-മുൻ പ്രസിഡന്റുമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, യു.ഡി.എഫ് നിയോജക മണ്ഡലം-മണ്ഡലം ചെയർമാൻമാർ/ കൺവീനർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സഹകരണ ബാങ്ക് ഡയറക്ടർമാർ, പോഷക സംഘടന സംസ്ഥാന-ജില്ല-ബ്ലോക്ക്-മണ്ഡലം നേതാക്കൾ, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.