അനസ്
പൊന്നാനി: സുഹൃത്തുക്കളുമൊത്ത് എടക്കഴിയൂർ നേർച്ച കാണാൻ പോയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. വെളിയങ്കോട് പയ്യക്കാട്ട് ആരിഫിന്റെ മകൻ അനസിനെയാണ് (18) ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചത്. ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. നേർച്ചയോടനുബന്ധിച്ച് നടക്കുന്ന ഖാജ ഫെസ്റ്റിന് സമീപത്തെ പ്രശ്നങ്ങളെ തുടർന്നുണ്ടായ ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും ഇതിനിടയിൽ അനസ് നിലത്തു വീഴുകയും ലാത്തിക്കൊണ്ടുള്ള മർദനമേൽക്കുകയും ചെയ്തു.
തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ആറോളം പൊലീസുകാർ ചേർന്ന് ഇരുട്ട് മുറിയിലിട്ട് മർദിക്കുകയുമാണ് ഉണ്ടായതെന്ന് അനസ് പറയുന്നു. മർദനവിവരം പുറത്ത് പറഞ്ഞാൽ പാസ്പോർട്ട് വെരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾക്ക് തടസ്സം നേരിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അനസ് പറഞ്ഞു. പാർട്ട് ടൈം ജോലിചെയ്ത് പ്ലസ്ടു പഠനം മുന്നോട്ടുകൊണ്ടുപോകുന്ന വിദ്യാർഥി കൂടിയാണ് അനസ്. കഴുത്തിലും കൈക്കും കാലിനും പരിക്കേറ്റതിനാൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരിക്കുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.