പ്രതീകാത്മക ചിത്രം
മലപ്പുറം: സ്വകാര്യ ഡേ കെയറുകൾക്ക് സമാനമായി പകൽസമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് പരിചരണം നൽകുന്ന സർക്കാർ മുൻകൈയിലുള്ള സംവിധാനമായ ക്രഷുകളുടെ എണ്ണം ജില്ലയിൽ വർഷാവർഷം കുറയുന്നു. പദ്ധതി നടത്തിപ്പിനുള്ള കേന്ദ്ര സഹായം വർഷങ്ങളായി മുടങ്ങിയതാണ് കാരണം. 2016 ൽ ശിശുക്ഷേമ സമിതിക്ക് കീഴിൽ 17 ക്രഷുകൾ ജില്ലയിൽ പ്രവർത്തിച്ചിരുന്നു. 2023 ൽ അത് 12 ആയും 2024 ൽ എട്ടായും ചുരുങ്ങി. നിലവിൽ നാല് ക്രഷുകൾ മാത്രമാണ് ജില്ലയിലുള്ളത്. ഇവ നാലും ശിശുക്ഷേമ സമിതി തുടങ്ങിയതാണെങ്കിലും നിലവിൽ സ്വതന്ത്ര ഏജൻസികളാണ് നടത്തുന്നത്. രക്ഷിതാക്കളിൽനിന്ന് ചെറിയ ഫീസ് വാങ്ങിയും മറ്റു വ്യക്തികളിൽനിന്നും കൂട്ടായ്മകളിൽനിന്നുമുള്ള ഫണ്ട് സ്വരൂപിച്ചുമെല്ലാമാണ് ഇവ പ്രവർത്തിക്കുന്നത്. വള്ളിക്കുന്ന് പഞ്ചായത്തിൽ മൂന്നും മേലാറ്റൂർ പഞ്ചായത്തിൽ ഒന്നും ക്രഷുകളാണ് ഇങ്ങനെയുള്ളത്.
തൊഴിലെടുക്കുന്ന അമ്മമാരായിരുന്നു ക്രഷുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. വിശേഷിച്ചും സംഗിൾ പാരന്റ് ആയ അമ്മമാർ. കുട്ടികളെ പരിപാലിക്കാൻ അനുകൂലമായ ഗൃഹാന്തരീക്ഷം ആകില്ല പലർക്കും. ചില കുടുംബങ്ങളിൽ ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യമുണ്ടാകും. എല്ലാവർക്കും ഡേ കെയർ സെന്ററുകളിലെ ഫീസ് താങ്ങാൻ കഴിയില്ല. ഇത്തരം ഘട്ടങ്ങളിൽ ക്രഷുകൾ വലിയ അനുഗ്രഹമായിരുന്നു. കുഞ്ഞുങ്ങളുടെ ശാരീരിക-മാനസിക വികാസം, ആരോഗ്യകരമായ ഭക്ഷണ ക്രമം, വ്യായാമശീലങ്ങൾ, കളികൾ എന്നിവ ഉറപ്പുവരുത്തുന്നതിൽ ഈ സ്ഥാപനങ്ങൾ വലിയ പങ്ക് നിർവഹിച്ചുപോന്നു.
തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് മക്കളെ സംരക്ഷിക്കാൻ ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അംഗൻവാടി കം ക്രഷുകൾ തുടങ്ങാൻ സംസ്ഥാന വനിത ശിശു വികസന വകുപ്പ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് 304 അംഗൻവാടി കം ക്രഷുകൾക്ക് അനുമതി നൽകിയിരുന്നു. നിലവിലെ അംഗൻവാടികളോട് ചേർന്നുതന്നെയാണ് ഇവയുടെ പ്രവർത്തനം. കേന്ദ്ര സർക്കാറിന്റെ ‘പാൽന’ പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനം. ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങളെ പകൽ സമയങ്ങളിൽ പരിചരിക്കുക ആയിരുന്നു ലക്ഷ്യം.
ജില്ലയിൽ 33 എണ്ണത്തിനാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചത്. എന്നാൽ, 13 എണ്ണം മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്. അംഗൻവാടിയിലെ നിലവിലെ ടീച്ചർക്കും ഹെൽപർക്കും പുറമെ ഈ സ്കീമിൽ പ്രത്യേകമായി ടീച്ചറെയും ഹെൽപറെയും നിയമിക്കുന്നുണ്ട്. എന്നാൽ, കേന്ദ്ര പദ്ധതി പ്രകാരമുള്ള കുറഞ്ഞ വേതനത്തിന് ആളെ കിട്ടാനില്ലെന്നാണ് വനിത ശിശു വികസന വകുപ്പ് അധികൃതർ പറയുന്നത്. അധ്യാപികക്ക് 5500 രൂപയും ഹെൽപർക്ക് 3000 രൂപയും ആണ് ലഭിക്കുക. ഇവർ അതത് വാർഡിൽനിന്നുള്ളവർ ആവുകയും വേണം. നിബന്ധനകളിൽ സർക്കാർ ഇളവ് വരുത്തുകയും വേതനം വർധിപ്പിക്കുകയും ചെയ്താൽ 33 അംഗൻവാടി കം ക്രഷുകളും തുടങ്ങാൻ കഴിയുമെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്.
മലപ്പുറം: ശിശുക്കളുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പു വരുത്താൻ മാതൃകാ ശിശു പരിപാലന കേന്ദ്രങ്ങളായ ക്രഷുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ശിശുക്ഷേമ സമിതി ജില്ല ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടീവ് അംഗം സി.എസ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി പി. സതീശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ആർ. യശ്പാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ശിശുക്ഷേമ സമിതിക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന ക്രഷുകളിലെ ജീവനക്കാരെ ആദരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. ജയപ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി പി. രാജൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ. പ്രസീത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.