അപകട ഭീഷണി നേരിടുന്ന കാവനൂർ ആശാരിത്തോട് പാലം
കാവനൂർ: കാവനൂർ ആശാരിത്തോട് പാലം തകർച്ച ഭീഷണിയിൽ. പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. 1987ൽ പണിത ഈ പാലത്തിന്റെ താഴ്ഭാഗത്ത് കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയും കമ്പികൾ ദ്രവിച്ചുപോകുകയും ചെയ്തിട്ടുണ്ട്.
36 വർഷത്തോളം പഴക്കമുള്ള പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം ഫൗസിയ സിദ്ദീഖ് മഞ്ചേരി പൊതുമരാമത്ത് വിഭാഗത്തിൽ നിവേദനം നൽകി.
കാവനൂർ, അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അണ്ടിക്കെട്ടിച്ചാൽ- പൂക്കോട്ടുചോല റോഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. കാവനൂർ-കിഴിശ്ശരി റോഡിൽനിന്ന് ചീക്കോട്, എടവണ്ണപ്പാറ, മെഡിക്കൽ കോളജ് ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ ആളുകൾ ഈ പാതയാണ് ആശ്രയിക്കുന്നത്.
പ്രതിദിനം സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് തകർച്ച ഭീഷണി നേരിടുന്ന ആശാരിതോട് പാലം എത്രയും വേഗം പുനർനിർമിക്കണമെന്ന് കാവനൂർ വാർഡ് അംഗം ഫൗസിയ സിദ്ദീഖ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.