മലപ്പുറം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ പാണക്കാട്ടെ അൽ മൻഹൽ വീട്ടിൽ തിരക്കൊഴിഞ്ഞ നേരമില്ല. സംസ്ഥാനത്തുടനീളമുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളും അണികളും ആശീർവാദം തേടി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ വീട്ടിലേക്ക് ഒഴുകുകയാണ്. ഓരോ ലീഗ് പ്രവർത്തകന്റെയും ആഗ്രഹമാണ് പ്രചാരണം പാണക്കാട്ടുനിന്ന് തുടങ്ങണമെന്നത്.
പുലർച്ചെ മുതൽ പത്തും അമ്പതും പേരുടെ സംഘമായാണ് സ്ഥാനാർഥികളെത്തുന്നത്. തങ്ങളുടെ ആശീർവാദവും പ്രാർഥനയും ഒപ്പം ഒരു ചിത്രവും വിഡിയോയും ലഭിച്ചാൽ എല്ലാവരും സന്തോഷത്തിലായി. കോഴിക്കോട് കോർപറേഷനിലെ നല്ലളം വാർഡിൽ മത്സരിക്കുന്ന പി.പി. ഇബ്രാഹിമിനൊപ്പം തിങ്കളാഴ്ച എത്തിയത് 50ഓളം പ്രവർത്തകരാണ്. ഇതിൽ 12 വനിത ലീഗ് പ്രവർത്തകരുണ്ടായിരുന്നു.
മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ ഏഴ് ലീഗ് സ്ഥാനാർഥികൾക്ക് അകമ്പടിയായി ഒരു ബസ് നിറയെ പ്രവർത്തകരാണ് എത്തിയത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പത് സ്ഥാനാർഥികളും ഒരുമിച്ചാണ് തങ്ങളെ കാണാനെത്തിയത്. മറ്റു രാഷ്ട്രീയ കക്ഷികളിൽനിന്ന് ലീഗിൽ ചേരുന്നവരുമെത്തുന്നുണ്ട്. ഇവർക്ക് തങ്ങൾ പാർട്ടി അംഗത്വം കൈമാറുകയും ഹരിതമാല അണിയിക്കുകയും ചെയ്യുന്നു. മാറാക്കര പഞ്ചായത്തിലെ സി.പി.എം നേതാക്കളായ മനാഫ് കല്ലനും ബഷീറിനും ചൊവ്വാഴ്ച അംഗത്വം നൽകി.
മനാഫ് 24ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്നും തങ്ങൾ പ്രഖ്യാപിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രവർത്തകരെ സ്വീകരിക്കാൻ പാണക്കാട്ട് സജീവമായുണ്ട്. സ്ഥാനാർഥി തർക്കങ്ങൾക്ക് പരിഹാരം തേടി എത്തുന്നവരും കുറവല്ല. ‘‘കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തുടങ്ങിയ പ്രവർത്തകരുടെ പ്രവാഹമാണ്. മറ്റു പാർട്ടികളിൽനിന്നും കുറേ പേർ വരുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് തർക്കങ്ങൾ കുറവാണ്. പരിഹരിക്കാൻ ഇത്തവണ പ്രത്യേക കമ്മിറ്റിയുണ്ട്. ഈ തിരക്ക് ഞങ്ങൾ ആസ്വദിക്കുകയാണ്’’ -സാദിഖലി തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.