മലപ്പുറം: അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളിലെ ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്താൻ എ.ഇ.ഒ തലത്തിൽ സ്കൂൾ പ്രധാനാധ്യാപകരുടെ യോഗം അടുത്ത ആഴ്ച നടക്കും.
ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡി.ഇ.ഒ) മാരുടെ മേൽനോട്ടത്തിലാകും നടപടികൾ. ശനിയാഴ്ച രാവിലെ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡി.ഡി.ഇ) നേതൃത്വത്തിൽ കോട്ടപ്പടി സ്കൗട്ട് ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം.
അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി മേയ് 13ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലായിരുന്നു പ്രധാനമായും ചർച്ച നടന്നത്. ഇക്കാര്യത്തിൽ സ്കൂൾ അധികൃതരുടെ ഇടപെടൽ കാര്യക്ഷമമാക്കാൻ ഡി.ഡി.ഇ പി.വി. റഫീഖ് നിർദേശം നൽകി.
കെട്ടിട ഫിറ്റ്നസ് 31നകം നേടണം
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട ഫിറ്റ്നസ് ഉറപ്പാക്കാൻ നടപടിയെടുക്കണം. മേയ് 31നകം ഫിറ്റ്നസ് സ്കൂൾ അധികൃതർ ഉറപ്പാക്കണം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണം.
നിർമാണ പ്രവർത്തനം നടക്കുന്ന സ്കൂളുകളിൽ കുട്ടികൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടണം. ഇവിടേക്ക് പ്രവേശനം നിഷേധിച്ച് ബോർഡ് സ്ഥാപിക്കണം. സ്കൂൾ പരിസരത്ത് സ്ഥാപിച്ച ഹോർഡിങ്സുകളും ബോർഡുകളും തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നീക്കണം.
വെള്ളം ക്ലോറിനേഷൻ നടത്തണം
വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കിണറുകളും വാട്ടർ ടാങ്കുകളും ക്ലോറിനേഷൻ നടത്തണം. വാട്ടർ പ്യൂരിഫയറുകളും ക്ലോറിനേറ്റ് ചെയ്യണം. വിദ്യാലയങ്ങളിലെ ചുറ്റുമതിലുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അപകട ഭീഷണി ഉയർത്തുന്ന മരങ്ങളോ, ചില്ലകളോ മാനദണ്ഡലങ്ങൾ പാലിച്ച് മുറിച്ച് മാറ്റാം. സ്കൂളും പരിസരവും ഇഴജന്തുകൾ കയറുന്നില്ലെന്ന് ഉറപ്പാക്കണം. വിദ്യാർഥികളെ എത്തിക്കുന്ന സ്കൂൾ, സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. സ്കൂൾ പരിസരങ്ങളിൽ ലഹരി പദാർഥങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ പൊലീസ്, എക്സൈസ് എന്നിവരുടെ സഹായം തേടാനും നിർദേശം നൽകി.
സുരക്ഷ ഭിത്തി നിർമിക്കണം
സ്കൂളിനടുത്തുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവക്ക് സുരക്ഷ ഭിത്തികൾ നിർമിക്കണം. വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അപകട സാധ്യത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ഉപയോഗ ശൂന്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും മാറ്റണം.
ഭക്ഷണശാലകൾക്ക് ശുചിത്വം വേണം
വിദ്യാലയങ്ങളിൽ പാചക പുരയിൽ പാത്രങ്ങൾ ശുചീകരിച്ചുവെന്ന് ഉറപ്പാക്കണം. കാലാവധി തീർന്ന ഭക്ഷ്യധാന്യങ്ങൾ ഒഴിവാക്കണം. പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് എടുത്തെന്ന് ഉറപ്പാക്കണം. സ്കൂൾ തുറക്കുന്ന ദിവസം മുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കണം.
യാത്രാസൗകര്യം പരിശോധിക്കണം
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തീകരിക്കണം. ഓട്ടോ, ടാക്സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷ മാനദണ്ഡലങ്ങൾ പാലിച്ചുള്ള യാത്രക്ക് നടപടിയെടുക്കണം. കുട്ടികൾക്ക് സ്റ്റോപ്പുകളിൽ ഇറങ്ങാനും കയറാനും സമയം അനുവദിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം.
പ്രവേശനോത്സവം ഗംഭീരമാക്കും
നാല് വിദ്യാഭ്യാസ ജില്ലകളും 17 എ.ഇ.ഒ തലങ്ങളുമുള്ള മലപ്പുറത്ത് ഇത്തവണ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാകും ജില്ല പ്രവേശനോത്സവം.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത ആഴ്ച ചേരുന്ന യോഗത്തിലുണ്ടാകും. സ്കൂൾ തീരുമാനിച്ചാൽ പ്രവേശനോത്സവത്തിനുള്ള സംഘാടക സമിതി രൂപവത്കരിക്കും. ഇത്തവണ പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്ന് ജില്ല വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൂടാതെ എ.ഇ.ഒ, തദ്ദേശ സ്ഥാപനം, വാർഡ് തലങ്ങളിലും പ്രവേശനോത്സവം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.