മലപ്പുറം: നഗരസഭ ഗവ. ആയുർവേദ ആശുപത്രിയുടെ പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം കാവുങ്ങൽ നെച്ചിക്കുറ്റിയിലേക്ക് മാറ്റിയേക്കും. പട്ടർക്കടവിൽ സൗകര്യ കുറവ് വിലയിരുത്തി പുതിയ സ്ഥലം വേണമെന്ന് ജില്ല ഭരണകൂടം നിർദേശിച്ചതോടെയാണ് നെച്ചിക്കുറ്റിയിലേക്ക് മാറ്റുന്നത്. പട്ടർക്കടവിലാണ് നഗരസഭ ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ പ്രധാനമന്ത്രി ജൻ വികാസ് കാരിക്രമം (പി.എം.ജെ.വി.കെ) പദ്ധതിയിൽ ഏഴ് കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടർക്കടവിലെ പഴയ കെട്ടിടം പൊളിച്ച് പകരം പുതിയത് നിർമിക്കാനായിരുന്നു നഗരസഭ തീരുമാനിച്ചിരുന്നത്.
എന്നാൽ, പുതിയ കെട്ടിടം നിർമിക്കാൻ ആവശ്യമായ സ്ഥലം പട്ടർക്കടവിൽ ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മുണ്ടുപറമ്പ്-കാവുങ്ങൽ ബൈപ്പാസിലെ നെച്ചിക്കുറ്റിയിലെ നഗരസഭയുടെ സ്ഥലത്തേക്ക് മാറ്റാൻ ഉടൻ തീരുമാനമെടുക്കും. വിഷയം കൗൺസിൽ യോഗം ചർച്ച ചെയ്യും. ഇക്കാര്യം രേഖാമൂലം സംസ്ഥാന സർക്കാറിനെയും നഗരസഭ അറിയിച്ചേക്കും. പട്ടർക്കടവിൽ 19 സെന്റിൽ 20 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിന് ഒരു ഏക്കറിലധികം സ്ഥലം വേണ്ടി വരും. നെച്ചിക്കുറ്റിയിൽ നഗരസഭയുടെ ഷെൽട്ടർ ഹോമും ഷീസ്റ്റേ കേന്ദ്രവും നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇവിടെ ഇനിയും സ്ഥലം ലഭ്യമായ സാഹചര്യത്തിൽ ആയുർവേദ ആശുപത്രിയും ഇടംപിടിച്ചേക്കും.
ആധുനിക സൗകര്യങ്ങളോടെ ഇരുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. പാർക്കിങ്ങിന് പ്രത്യേക സൗകര്യവും പദ്ധതിയിലുണ്ട്. ആദ്യത്തെ നിലയിൽ റിസപ്ഷനും ഒ.പിയും ഫാർമസിയും രണ്ടാമത്തെ നിലയിൽ കിടത്തി ചികിത്സയും ആയുഷ് യോഗ ക്ലിനിക്കുമുണ്ടാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.