മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഏഴാംഘട്ട ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പും മൂന്നാം ഘട്ട ചർമ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഡിസംബർ 17ന് ആരംഭിച്ച കുത്തിവെപ്പ് കാമ്പയിൻ പ്രവൃത്തിദിവസങ്ങളിലായി 30വരെ നടക്കും. ജില്ലയിലുള്ള നൂറു ശതമാനം പശുക്കളെയും (66,925) എരുമകളെയും (15,049) വീടുവീടാന്തരം വാക്സിനേഷൻ നടത്തി കുളമ്പുരോഗത്തിനെതിരെയും പശുക്കളിലെ ചർമ്മമുഴ രോഗത്തിനെതിരെയും പ്രതിരോധ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിനായി ജില്ലയിലൊട്ടാകെ 128 സ്ക്വാഡുകളാണ് നിയോഗിച്ചിട്ടുള്ളത്.
ജില്ല കലക്ടർ ചെയർമാനും എ.ഡി.സി.പി ജില്ല കോഓഡിനേറ്റർ കൺവീനറുമായ ജില്ലതല മോണിറ്ററിങ് കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പ്രാദേശികതലത്തിൽ ക്ഷീര സംഘങ്ങൾ, സർക്കാറിതര സംഘടനകൾ, തദ്ദേശ സ്വയംഭരണ അധികാരികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി യോഗങ്ങൾ സംഘടിപ്പിച്ച് പ്രചാരണം ആസൂത്രണം ചെയ്തിട്ടുണ്ട്. വാക്സിനേഷൻ നടത്തിയ മൃഗങ്ങളുടെ എണ്ണവും ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഭാരത് പശുധൻ പോർട്ടൽ വഴി കൃത്യമായി രേഖപ്പെടുത്തും. വാർത്ത സമ്മേളനത്തിൽ ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. സഖറിയ സാദിഖ് മധുരക്കറിയൻ, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഓഡിനേറ്റർ ഡോ.കെ. ഷാജി, ജില്ല എപ്പിഡെമിയോളജിസ്റ്റ് ഡോ. എ. ഷമീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.