പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിൽ നിലവിലെ വീതിക്കുറവും അതിനെ തുടർന്നുള്ള ഗതാഗതക്കുരുക്കും ശാസ്ത്രീയമായി പരിഹരിക്കാനുള്ള നിർദേശവുമായി തിരൂർ ബി.പി അങ്ങാടി സ്വദേശി തയ്യിൽ ബാവ. നിലവിലെ കോൺക്രീറ്റ് പാലത്തിന് ഇരുവശവും ഇരുമ്പു തൂണുകളിൽ ചെറുവാഹനങ്ങൾക്ക് റോഡ് നിർമിക്കാമെന്ന പദ്ധതിയാണ് തയ്യിൽ ബാവ അവതരിപ്പിക്കുന്നത്. പരമാവധി 600 മീറ്റർ വരുന്ന ഭാഗത്തിന് പത്തുകോടിയിൽ താഴയേ ചെലവു വരൂ എന്നും പാലത്തിന് ഇരുവശവും താഴെയുള്ള സർവിസ് റോഡുകൾ ഇപ്പോഴത്തേതുപോലെ ഉപയോഗിക്കാമെന്നുമാണ് ഇദ്ദേഹത്തിന്റെ രൂപകൽപന.
കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെ വീതിയുടെ മൂന്നിലൊരു ഭാഗമാണ് നിലവിലെ അങ്ങാടിപ്പുറം മേൽപാലം. ഇരു ഭാഗത്തുനിന്നും മൂന്നും നാലും വരിയായി നിരയായി എത്തുന്ന ചെറുതും വലുതുമായ വാഹനങ്ങൾ ഒരുമിച്ച് വീതി കുറഞ്ഞ മേൽപാലത്തിൽ കയറാനുള്ള തിരക്കാണ് അങ്ങാടിപ്പുറം മേൽപാലത്തിലെ കുരുക്കിന്റെ യഥാർഥ കാരണം. കോൺക്രീറ്റ് പാലം വലിയ വാഹനങ്ങൾക്കും ഇരുവഭാഗത്തും ഇരുമ്പിൽ നിർമിക്കുന്ന പാത കാറും ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളുമടക്കം ചെറുവാഹനങ്ങൾക്കും പരിമിതപ്പെടുത്താമെന്നുമാണ് അവതരിപ്പിച്ച മാതൃക.
മേൽപാലത്തിലെ വാഹനഗതാഗതം തടസ്സമില്ലാതെ നടന്നാൽ അങ്ങാടിപ്പുറത്ത് ഇപ്പോൾ അനുഭവപ്പെടുന്ന കുരുക്ക് ഇല്ലാതാക്കാനാവും. വലിയ വാഹനങ്ങൾക്ക് പുറമെ ചെറു വാഹനങ്ങൾക്കു കൂടി കടന്നുപോവാൻ നിലവിലെ മേൽപാലത്തിൽ അവസരമുണ്ടെങ്കിൽ കുരുക്ക് കുറക്കാനാവുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം ഇരുമ്പുതൂണുകളിൽ രണ്ടുഭാഗത്തും കുറഞ്ഞ വീതിയിൽ ചെറുവാഹനങ്ങൾക്ക് പാത ഒരുക്കുന്നതിന്റെ സാധ്യതകളും സാങ്കേതിക വശങ്ങളും വിദഗ്ധരാണ് പരിശോധിക്കേണ്ടത്. പദ്ധതി സർക്കാറിന് നൽകുമെന്നും തയ്യിൽ ബാവ പെരിന്തൽമണ്ണയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.