അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം മേൽപാലത്തിലെ തകർന്ന കൈവരികൾ അപകട ഭീഷണി ഉയർത്തുന്നു. അപകടങ്ങള്‍ പതിവായ മേൽപാലത്തിൽ പല തവണ വാഹനങ്ങള്‍ ഇടിച്ച് കൈവരികൾ തകർന്നിരുന്നു. വ്യാഴാഴ്ച മേൽപാലത്തിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തകർന്ന കൈവരികൾ പുതുക്കിപ്പണിയാത്തതും സൂചന ബോർഡുകൾ സ്ഥാപിക്കാത്തതും കാരണം അപകടങ്ങൾ തുടർക്കഥയാവുകയാണ്.
തകർന്ന കൈവരികളുടെ സ്ഥാനത്ത് നാട്ടുകാർ സ്ഥാപിച്ച ഒരു ടയറാണ് ഇപ്പോൾ യാത്രക്കാർക്ക് രക്ഷാ കവചമാകുന്നത്. അപകടങ്ങൾ പതിവായിട്ടും പാലത്തിന് സമീപം കൃത്യമായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ തകർന്ന കൈവരികൾ പുനഃസ്ഥാപിക്കാനോ അധികൃതർ തയാറായിട്ടില്ല.
വീതിയുള്ള റോഡ് പാലത്തിൽ എത്തുമ്പോൾ വീതി കുറയുന്നത് ദീർഘദൂര വാഹനങ്ങൾക്ക് അറിയാനാവുന്നില്ല. പാലത്തിെൻറ തകർന്ന കൈവരികൾ പുതുക്കിപ്പണിത് പാലത്തിലെ അപകട സൂചന ബോർഡുകളും റിഫ്ലക്ടറുകളും പുനഃസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സൈതാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ്, നസീമ, അബ്ദുല്ല അരങ്ങത്ത്, ഫസൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.