പതിനൊന്നുകാരന്‍റെ ധീരതയും കരുതലും; കളിക്കൂട്ടുകാരന് പുതുജീവൻ

നിലമ്പൂർ: പുന്നപ്പുഴയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുകയായിരുന്ന എട്ടു വയസ്സുകാരന്‍റെ ജീവൻ കോരിയെടുത്ത് കളിക്കൂട്ടുകാരനായ 11കാരൻ. വഴിക്കടവ് മുണ്ട ഗ്രീൻലാന്‍റ് പുല്ലേങ്ങൽ ശംഷുദ്ദീന്‍റെ മകൻ അമൽഷാനാണ് തന്‍റെ കൂട്ടുകാരൻ ഷെബിൻഷാനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാറ്റും മഴയും കാരണം പ്രദേശത്ത് രണ്ട് ദിവസമായി വൈദ്യുതി ഇല്ലായിരുന്നു. പൈപ്പിൽ വെള്ളമില്ലാത്തതിനാൽ ബന്ധുക്കളുടെയും മറ്റു കൂട്ടുകാരുടെയും ഒപ്പമാണ് ഇരുവരും കുളിക്കാനും അലക്കാനുമായി പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിലെത്തിയത്. നീന്തിക്കുളിക്കുന്നതിനിടെ ഷെബിൻ ഷാൻ കയത്തിൽ അകപ്പെട്ടു.

ജലസേചനത്തിനായുള്ള പമ്പ് ഹൗസ് സ്ഥാപിച്ച ഇവിടെ രണ്ടാൾ താഴ്ചയിൽ വെള്ളമുണ്ട്. ഈ സമയം പമ്പ് ഹൗസിൽനിന്നും വെള്ളം പമ്പ് ചെയ്യുന്ന സമയമായതിനാൽ വലിയ ചുഴി കയത്തിലുണ്ടായിരുന്നു. ഷെബിൻ ഷാൻ മുങ്ങിത്താഴുന്നതുകണ്ട് അമൽഷാന്‍റെ വല്യുപ്പ അബൂബക്കർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമം നടത്തി. എന്നാൽ, അബൂബക്കർ ചുഴിയിൽ അകപ്പെട്ട് കുഴയുന്നത് കണ്ടതോടെ അമൽഷാൻ പുഴയോരത്തെ മുളങ്കാടുകൾക്കിടയിലൂടെ താഴേക്ക് ഓടി പുഴയിലേക്ക് എടുത്ത് ചാടി. അപ്പോഴേക്കും കൂട്ടുകാരൻ കുഴഞ്ഞ് മൃതപ്രായനായിരുന്നു. ചുഴിയുടെ കാണാക്കയങ്ങളിലേക്ക് താഴ്ന്നുപോകുന്ന കൂട്ടുകാരനെ കൈവിടാൻ അമൽഷാൻ തയാറായിരുന്നില്ല. ധീരത കൈവിടാതെ കുഞ്ഞുകൂട്ടുകാരനെ വാരിയെടുത്ത് ഊളിയിട്ട് അതിസാഹസികമായി കരയിലെത്തിച്ചു. അപ്പോഴേക്കും ഷെബിൻഷാന്‍റെ ബോധം നഷ്ടപ്പെട്ടിരുന്നു. സമയമൊട്ടും കളയാതെ കൂട്ടുകാരന് സി.പി.ആർ കൊടുത്ത് ബോധം വീണ്ടെടുത്തു. ഈ സമയം പുഴവക്കത്ത് കാലികളെ മേയ്ച്ചുക്കൊണ്ടിരുന്ന ചെറിയാപ്പുവും ഓടിയെത്തി. എല്ലാവരും ചേർന്ന് ഷെബിൻഷാനെയും മുളങ്കൂട്ടത്തിനിടയിലൂടെയുള്ള ഓട്ടത്തിനിടെ ശരീരമാകെ മുറിവ് പറ്റിയ അമൽഷാനെയും ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖം പ്രാപിച്ച് ഇന്നലെ വീട്ടിലെത്തി.

അപകട സമയത്ത് സി.പി.ആർ എങ്ങനെ കൊടുക്കാമെന്ന അഞ്ചാം ക്ലാസിലെ പാഠഭാഗമാണ് തുണയായതെന്ന് അമൽഷാൻ പറഞ്ഞു. വഴിക്കടവ് മുണ്ട എം.ഒ.യു.പി സ്കൂൾ ആറാം ക്ലാസിൽനിന്നും ഇത്തവണ ഏഴിലേക്ക് ജയിച്ച വിദ്യാർഥിയാണ് അമൽഷാൻ. അരിമ്പ്ര തൊടിക സുനീർ ബാബുവിന്‍റെ മകനാണ് ഷെബിൻഷാൻ. മുണ്ട ഗൈഡൻസ് സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ തുറക്കുമ്പോൾ ഈ കൊച്ചുമിടുക്കാനെ അനുമോദിക്കാനുള്ള ഒരുക്കത്തിലാണ് അധ‍്യാപകരും നാട്ടുകാരും.

Tags:    
News Summary - An 11-year-old's courage and care; A new life for a playmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.