മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ 221 ദി​വ​സ​മാ​യി സ​മ​രം ചെ​യ്യു​ന്ന നി​ല​മ്പൂ​ർ ആ​ദി​വാ​സി ഭൂ​സ​മ​ര​ക്കാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​ന്നു. സ​മ​രം കി​ട​ന്ന ഷെ​ഡി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ സ​മ​ര​ക്കാ​ർ മാ​റ്റു​ന്നു. ഇ​നി സു​പ്രിം കോ​ട​തി​യി​ലൂ​ടെ നി​യ​മ ​പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ഇ​വ​ർ. ഫോട്ടോ: മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

ഭൂസമരം അവസാനിപ്പിച്ച് ആദിവാസികൾ, ഇനി നിയമ പോരാട്ടം

മലപ്പുറം: ഭൂമി നൽകുന്നത് സംബന്ധിച്ച് കലക്ടർ രേഖാമൂലം നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ആദിവാസികൾ 221 ദിവസമായി മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ പന്തൽകെട്ടി നടത്തിയ ഭൂസമരം അവസാനിപ്പിച്ചു. അവകാശത്തിനായി നിയമപോരാട്ടത്തിലേക്ക് നീങ്ങാനാണ് ആദിവാസി ഭൂസമര സമിതിയുടെ തീരുമാനം. ഇതുസംബന്ധിച്ച് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

നിലമ്പൂരിലെ ഒന്നാം ഭൂസമരത്തിന്റെ ഒത്തുത്തീർപ്പ് വാഗ്ദാനങ്ങളിൽ പെട്ടതായിരുന്നു നിലമ്പൂരിലെ 60 ആദിവാസി കുടുംബങ്ങൾക്ക് അമ്പത് സെന്റ് വീതം ഭൂമി അനുവദിക്കാം എന്നത്. ഈ ഉറപ്പിലാണ് 314 ദിവസം നീണ്ട, നിലമ്പൂരിലെ ഒന്നാം ഭൂസമരം 2024 മാർച്ച് 18 ന് അവസാനിപ്പിച്ചത്. എന്നാൽ, നിശ്ചിത സമയം കഴിഞ്ഞിട്ടും കലക്ടർ വാക്ക് പാലിച്ചില്ല.

ഭരണതലത്തിലും മറ്റും നിരവധി പരാതികൾ സമർപ്പിക്കപ്പെട്ടിട്ടും റവന്യൂ വകുപ്പ് ഇടപെടൽ നടത്തിയതുമില്ല. കലക്ടർ വാക്ക് പാലിച്ച് അവകാശപ്പെട്ട ഭൂമി വിട്ടുതരണമെന്നാവശ്യപ്പെട്ട് ആദിവാസി ഭൂ സമരസമിതി 2025 മേയ് 20 മുതലാണ് കളക്ട്രേറ്റിനു മുന്നിൽ രണ്ടാം ഭൂസമരം തുടങ്ങുന്നത്. കുറച്ചു പേർ വീട്ടിൽ പോയാൽ അവർ തിരിച്ചെത്തുന്നതുവരെ ബാക്കിയുള്ളവർ സമരമിരിക്കും. ശേഷം അവർ വീട്ടിലേക്കും പോകും. ഇങ്ങനെ മാറിമാറി രാവും പകലും സമരപന്തലിൽ ആളുകളുണ്ടാകും. എല്ലാവരുടെയും ഊണും ഉറക്കവുമെല്ലാം അവിടെത്തന്നെ. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമെല്ലാം ഇതിലൊരുമാറ്റവും വന്നില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്തും തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തുമെല്ലാം ആദിവാസികൾ സമരത്തിലായിരുന്നു. തങ്ങൾക്കവകാശപ്പെട്ട ഭൂമി നേടിയെടുക്കാനായുള്ള സമരച്ചൂടിൽ വെയിലും മഴയും കാര്യമായതേയില്ലെന്നും അവർ പറയുന്നു.

‘‘221 ദിവസമായി ഞങ്ങള് നടത്തിയ സമരം നിർത്തുകയാണ്. ഇനിയുള്ളത് നിയമപോരാട്ടമാണ്. നീതികിട്ടുമെന്നാണ് പ്രതീക്ഷ’’. സമരത്തിന് നേതൃത്വം നല്കിയ ബിന്ദു വൈലാശ്ശേരി പറഞ്ഞു. വെള്ളിയാഴ്ച ഐക്യദാർഢ്യവുമായി കെ. അജിതയും വെൽഫയർ പാർട്ടി നേതാക്കളടക്കവുള്ളവർ സമരപന്തലിൽ എത്തിയിരുന്നു.

Tags:    
News Summary - Adivasis end land dispute, gear up for legal fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.