ഖദീജ കൊടക്കലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ
കൊടക്കൽ: വരുമാനം നിലച്ചപ്പോൾ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മക്കൾ ഉപേക്ഷിച്ച 75കാരി പരസഹായംകാത്ത് തെരുവിൽ. കഴിഞ്ഞ ദിവസം കൊടക്കലിൽ അലഞ്ഞുനടന്നിരുന്ന വയോധികക്ക് നാട്ടുകാരിൽ ചിലർ ഭക്ഷണംവാങ്ങിക്കൊടുത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുത്തിയതായിരുന്നു.
ഞായറാഴ്ച നേരം പുലർന്നപ്പോഴാണ് കൊതുകുകടിയേറ്റ് അവശരായ ഇവർ അവിടെതന്നെ കിടന്നുറങ്ങുന്നത് കണ്ടത്. രാത്രി നായ്ക്കളുടെ ആക്രമണത്തിൽനിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു. തുടർന്ന് നാട്ടുകാർ ഭക്ഷണം നൽകി സ്വകാര്യ കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ താൽക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്.
പ്രസവ ശുശ്രൂഷ ജോലി ചെയ്തിരുന്ന അരീപറമ്പിൽ ഖദീജയാണ് താനെന്നും ഭർത്താവ് 20 വർഷം മുമ്പ് മരിച്ചുപോയെന്നും അവർ പറയുന്നു. ശേഷം മകളുടെ കൂടെ വാടക വീട്ടിൽ കഴിയുകയായിരുന്നു. മകൾക്ക് സ്വകാര്യവ്യക്തി നിർമിച്ചു നൽകിയ വീട്ടിലേക്ക് താമസം മാറ്റിയതോടെ, ഇനി തനിക്ക് നോക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഖദീജ തനിച്ചായത്.
ഇവർക്ക് വിവിധ സ്ഥലങ്ങളിലായി മറ്റു മൂന്നുമക്കൾ കൂടിയുണ്ട്. ഇവരും ഇതേ അഭിപ്രായം തന്നെയാണത്രെ പറഞ്ഞത്. സംരക്ഷണം ഏറ്റെടുക്കാൻ സന്നദ്ധ പ്രവർത്തകരോ സംഘടനകളോ എത്തുമെന്നാണ് ഖദീജയുടെയും നാട്ടുകാരുടെയും പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.