പൊന്നാനി: പൊന്നാനി താലൂക്കിന്റെ വിവിധയിടങ്ങളിൽ ശക്തമായ കടലാക്രമണം. എട്ട് വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനി നഗരസഭയിൽ ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗങ്ങളിലും, വെളിയങ്കോട് തണ്ണിത്തുറ, പത്ത് മുറി, പാലപ്പെട്ടി അജ്മീർ നഗർ എന്നിവിടങ്ങളിലുമാണ് ശക്തമായ കടലാക്രമണമുണ്ടായത്. പൊന്നാനിയിൽ മുണ്ടപ്പന്റെ മജീദ്, നബീസ, മറിയക്കുട്ടി എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. പാലപ്പെട്ടിയിൽ അഞ്ചോളം വീടുകൾ തകർച്ചയുടെ വക്കിലാണ്. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
പാലപ്പെട്ടിയിലും വെളിയങ്കോട്ടും പൊന്നാനിയിലും വീടുകളിലേക്ക് കടൽജലം ഇരച്ചു കയറുകയാണ്. ജില്ലാതിർത്തിയായ കാപ്പിരിക്കാട് മുതൽ അലിയാർ പള്ളി വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണമുണ്ടായത്. നാൽപതോളം വീടുകളിലാണ് വെള്ളം കയറിയത്. വീടുകൾക്ക് മുന്നിൽ കടൽ ജലം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. മുറിഞ്ഞഴി, ഹിളർ പള്ളിക്ക് സമീപം, എം.ഇ.എസ് കോളജിന് പിൻവശം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കടുത്ത ദുരിതമായി. രാവിലെ മുതൽ വേലിയേറ്റ സമയങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറി. കടൽ ഭിത്തിയില്ലാത്ത മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്. കടൽഭിത്തി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന് മുകളിലൂടെയും തിരമാലകൾ ഇരച്ച് കയറുകയാണ്. പൊന്നാനി മുല്ല റോഡ്, മുറിഞ്ഞഴി, ജീലാനി നഗർ ഭാഗങ്ങളിലും തിരമാലകൾ തീരദേശ റോഡിലേക്ക് ഇരച്ചെത്തി. തീരദേശ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. തീരത്തെ മിക്ക വീടുകളും കടലാക്രമണ ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.