ആമയൂർ എ.എൽ.പി സ്കൂളിൽ ആരംഭിച്ച ‘ഗുരുസ്പർശം’ പദ്ധതി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
തൃക്കലങ്ങോട്: ആമയൂർ എ.എൽ.പി സ്കൂളിൽ ഗുരുസ്പർശം പദ്ധതിക്ക് തുടക്കം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗ്രാമത്തിന് സാന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ അധ്യാപകർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അഞ്ച് വീതം നോട്ട്ബുക്കുകൾ വിതരണം ചെയ്തു. ആമയൂർ പി.എച്ച്.സിക്ക് ആവശ്യമായ ഓക്സിജൻ കോൺസൺട്രേറ്റർ, ഫ്രിഡ്ജ് എന്നിവയും ഒന്നാം ഘട്ടത്തിൽ നൽകും.
രണ്ടാം ഘട്ടമായി വീൽ ചെയറുകൾ, കട്ടിലുകൾ, കിടക്കകൾ, കസേരകൾ, ഫാനുകൾ, ഗ്ലൂക്കോസ് സ്റ്റാൻഡുകൾ, നെബുലൈസറുകൾ, സ്റ്റീമർ, സ്ട്രച്ചർ, ട്രോളി തുടങ്ങിയവ കൈമാറും. മൂന്നാം ഘട്ടമായി വിദ്യാർഥികൾക്ക് പ്രാഥമിക ശുശ്രൂഷക്കാവശ്യമായ മുഴുവൻ സംവിധാനങ്ങളും ഒരുക്കും. വിദ്യാലയത്തിലെ ഒമ്പത് അധ്യാപകർ ചേർന്ന് മൂന്ന് ലക്ഷം രൂപ സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഷാഹിദ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇരുമ്പൻ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ പി. ദേവരാജ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെംബർ ഹസ്കർ ആമയൂർ, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, ജമീല റസാഖ്, കുട്ട്യാപ്പു, എൻ.വി. മരക്കാർ, ബാലൻ, ഷൈജൽ, സുരേഷ് ബാബു, എൻ.വി. റസാഖ്, കാസിം മാസ്റ്റർ, തസ്നീം ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.