തിരൂർ: ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ വർഷങ്ങളായി ദുരിതം അനുഭവിച്ചിരുന്ന 66 കുടുംബങ്ങൾക്ക് ആശ്വാസം. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി, പട്ടയമില്ലാത്ത തിരുനാവായ കൊടക്കല്ലിലെ 66 കുടുംബങ്ങൾക്കും മേയിൽ പട്ടയം വിതരണം ചെയ്യുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. കൊടക്കൽ ഓട്ടുകമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി വാങ്ങി വീടുവെച്ച് താമസിച്ചിരുന്ന കുടുംബങ്ങളാണ് പട്ടയം ലഭിക്കാതെ ദുരിതത്തിലായിരുന്നത്.
വില്ലേജ് ഓഫിസിൽ നികുതി സ്വീകരിക്കാതെയായതോടെ വർഷങ്ങളായി കൊടക്കല്ലിലെ 66 കുടുംബങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. പ്രളയത്തിൽ തകർന്ന വീടുകൾക്ക് പോലും പട്ടയമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യം ലഭിച്ചില്ല. കൂടാതെ കുട്ടികളുടെ സ്കോളർഷിപ് ഉൾപ്പെടെ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ കുടുംബങ്ങൾ ദുരിതത്തിലായി. പണം കൊടുത്ത് ഭൂമി വാങ്ങി കാലങ്ങളായി വീടുവെച്ച് താമസിക്കുന്ന കുടുംബങ്ങളുടെ നികുതി സ്വീകരിക്കാതായതോടെ നിരവധി സമരങ്ങളും നടന്നിരുന്നു.
പട്ടയം ലഭ്യമാക്കാൻ കൊടക്കല്ലിലെ കുടുംബങ്ങൾ മന്ത്രി വി. അബ്ദുറഹിമാൻ മുഖേന മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി പട്ടയ വിതരണത്തിന് നടപടി ആരംഭിച്ചത്. ഇതുസംബന്ധിച്ച രേഖകൾ ഉടൻ കൈമാറും. ജില്ല കലക്ടർ പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് പട്ടയ വിതരണം വേഗത്തിലാക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.