541 തദ്ദേശസ്ഥാപനങ്ങളിൽ എൻജിനീയറിങ് വിഭാഗത്തിന് വാഹനമില്ല

പെരിന്തൽമണ്ണ: കോടികളുടെ പദ്ധതികളും നിർമാണപ്രവർത്തനങ്ങളും ഏറ്റെടുത്ത് പൂർത്തിയാക്കുമ്പോഴും സംസ്ഥാനത്ത് 541 തദ്ദേശ സ്ഥാപനങ്ങളിൽ എൻജിനീയറിങ് വിഭാഗങ്ങൾക്ക് വാഹന സൗകര്യമില്ല. 262 തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടിന്‍റെ പോരായ്മയാൽ വാഹനം വാടകക്കെടുക്കാൻപോലും നിർവാഹമില്ല. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിലാണ് തദ്ദേശ വകുപ്പിന് മുമ്പാകെ ചീഫ് എൻജിനീയർ ഈ കണക്കുകൾ വെച്ചത്. നിർമാണ പദ്ധതികളുടെ നിർവഹണവും ഘട്ടംഘട്ടമായുള്ള പരിശോധനയും ഇതിനാൽ പലയിടത്തും ചടങ്ങാവുകയാണ്. മാനദണ്ഡങ്ങൾ പാലിച്ച് വാഹനങ്ങൾ വാടകക്കെടുക്കാനാണ് തദ്ദേശ വകുപ്പ് ചീഫ് എൻജിനീയറുടെ കാലങ്ങളായുള്ള നിർദേശം. ഫണ്ടും സൗകര്യവുമുള്ള തദ്ദേശ സ്ഥാപനങ്ങൾ 2018 ലെ ഉത്തരവിന്‍റെ പശ്ചാതലത്തിൽ എൻജിനീയറിങ് വിഭാഗങ്ങൾക്ക് വാഹനം വാങ്ങി. തനത് ഫണ്ട് കുറവുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് മെയിന്‍റനൻസ് ഗ്രാന്‍റിൽ നോൺ റോഡ്സ് ഫണ്ട് വിനിയോഗിച്ച് വാഹനം വാടകക്കെടുക്കാൻ ഇതിനിടെ അനുമതി വന്നിരുന്നു. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളുടെ പൊതു ആവശ്യത്തിനുള്ള വാഹനം ഏർപ്പെടുത്തുന്നതല്ലാതെ എൻജിനീയറിങ് വിഭാഗത്തിന് വാഹനം ലഭിക്കുന്നില്ല. കിലോമീറ്ററിന് 18 രൂപ നിരക്കിലാണ് സർക്കാർ കണക്കാക്കിയ വാടക. ഇത് വെച്ച് വാഹനങ്ങൾ കിട്ടാനും ബുദ്ധിമുട്ടാണ്. റോഡിതര മെയിന്‍റനൻസ് ഗ്രാന്‍റിൽ നിന്ന് തുക ഉപയോഗപ്പെടുത്തി വാഹനം വാങ്ങുന്നത് പരിഗണിക്കണമെന്നാണ് എൻജിനീയറിങ് വിഭാഗത്തിന്‍റെ ആവശ്യം. ഇ. ഷംസുദ്ദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.